അപരിചിതരിൽ നിന്ന് മക്കളെ കരുതാം,പഠിപ്പിക്കാം ഇക്കാര്യങ്ങൾ

Share our post

മക്കൾ സ്‌കൂളിൽ പോകുമ്പോൾ, കളിക്കാൻ ഇറങ്ങുമ്പോൾ, ബന്ധുക്കളുടെ വീടുകൾ സന്ദർശിക്കുമ്പോൾ എന്നുവേണ്ട ഓരോ നിമിഷവും അവർ സുരക്ഷിതരാണോ എന്ന ആശങ്ക രക്ഷിതാക്കളെ അലട്ടി കൊണ്ടിരിക്കും. കുട്ടികളുടെ സുരക്ഷക്കായി പറ്റാവുന്നതെല്ലാം ചെയ്യാൻ മാതാപിതാക്കൾ ശ്രമിക്കാറുമുണ്ട്.

ഇക്കാര്യത്തിൽ കുട്ടികൾക്കും പങ്കുണ്ട്, ഇതിനായി ചെറിയ പ്രായത്തിൽ തന്നെ അവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച്, അപരിചിതരായ ആളുകളുമായി ഇടപെടുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണെന്ന് അവരെ പഠിപ്പിച്ചിരിക്കണം.

സ്‌കൂളിൽ നിന്ന് മടങ്ങുന്ന വഴി അച്ഛനും അമ്മയും പറഞ്ഞിട്ട് കൂട്ടിക്കൊണ്ടു പോകാൻ വന്നതാണ് എന്ന് പറഞ്ഞ് അടുത്തേക്ക് വരുന്ന ആളുകളെ കുറിച്ച് കുട്ടിക്ക് അപായ സൂചന നൽകണം. ഇങ്ങനെ ആരെങ്കിലും സമീപിച്ചാൽ അവർക്കൊപ്പം പോകരുതെന്നും ഉടനെ അടുത്തുള്ള മുതിർന്നവരെ വിവരം അറിയിക്കണമെന്നും കുട്ടിയെ പഠിപ്പിക്കണം.

അത്തരം ആളുകളെ വിശ്വസിക്കരുതെന്നും അവർ പറയുന്നത് പോലെ ചെയ്യരുതെന്നും കുട്ടിക്ക് സ്വയം തോന്നുന്ന തലത്തിലേക്ക് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തണം. അപരിചിതനായ ഒരു വ്യക്തി ഏത്രമാത്രം സ്‌നേഹത്തോടെ ഇടപെട്ടാലും അവരിൽ നിന്ന് ഒന്നും സ്വീകരിക്കരുതെന്ന് കുട്ടിക്ക് പറഞ്ഞ് കൊടുക്കണം.

ഇത് കുട്ടികളെ ശീലിപ്പിക്കുകയും വേണം. വഴിയിൽ പരിചയപ്പെടുന്ന ആളുകൾ നീട്ടുന്ന മിഠായികളും പലഹാരങ്ങളും കണ്ട് ആകർഷിക്കപ്പെടാതെ നോക്കാൻ കുട്ടികൾക്ക് പരിശീലനം നൽകണം.

പരിചയമില്ലാത്ത ആളുകൾ സ്പർശിച്ചാൽ ഉടൻ മുതിർന്നവരെ ഇക്കാര്യം അറിയിക്കണമെന്ന ചിന്ത കുട്ടികളിൽ വളർത്തി എടുക്കണം. ഗുഡ് ടച്ച്, ബാഡ് ടച്ച് എന്താണെന്നും ഇത്തരം അനുഭവങ്ങൾ നേരിട്ടാൽ ഒരു കാരണവശാലും മറച്ച് വയ്ക്കരുതെന്നും അവർക്ക് പറഞ്ഞ് കൊടുക്കണം. ആരെങ്കിലും പിടിച്ചു കൊണ്ടു പോകാൻ നോക്കിയാൽ ഉച്ചത്തിൽ നിലവിളിച്ച് സഹായം തേടണമെന്നും കുട്ടികളോട് പറയണം.

കൂട്ടുകാർ പറഞ്ഞാൽ പോലും രക്ഷിതാക്കളിൽ നിന്ന് ഒരു കാര്യവും മറച്ചു വയ്ക്കരുതെന്ന് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണം. പലപ്പോഴും അക്രമികൾ രഹസ്യം സൂക്ഷിക്കാനുള്ള കുട്ടികളുടെ താത്പര്യത്തെ മുതലെടുക്കാറുണ്ട്. ഇതിന്റെ ഗൗരവവും പരണിത ഫലവും പറഞ്ഞ് കൊടുത്താലെ രഹസ്യങ്ങൾ വില്ലനാണെന്ന് അവർക്ക് ബോധ്യപ്പെടുകയുള്ളു.

കുട്ടികൾ മനസ്സ് തുറക്കുമ്പോൾ അവരെ പേടിപ്പിക്കുന്നതും വഴക്ക് പറയുന്നതും വീണ്ടും അത്തരം സാഹചര്യങ്ങളിൽ പേടി മൂലം രക്ഷിതാക്കളെ സമീപിക്കാതിരിക്കാൻ കാരണമാകും. അതുകൊണ്ട് സമചിത്തതയോടെ വേണം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!