കേന്ദ്ര സായുധ പോലീസ് സേനകളിലെയും (സി.എ.പി.എഫ്.) ഡല്‍ഹി പോലീസിലെയും സബ് ഇന്‍സ്പെക്ടര്‍ ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സായുധ പോലീസ് സേനകളില്‍ 1714, ഡല്‍ഹി പോലീസില്‍ 162 എന്നിങ്ങനെയാണ് ഒഴിവുകള്‍.
സായുധ പോലീസിലെ 113 ഒഴിവിലും ഡല്‍ഹി പോലീസിലെ 53 ഒഴിവിലും വനിതകള്‍ക്കാണ് അവസരം. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ഒക്ടോബറില്‍ നടത്താനാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്. ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. അപേക്ഷ ഓണ്‍ലൈനായി ഓഗസ്റ്റ് 15 വരെ നല്‍കാം.
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് നേടിയ ബിരുദം/ തത്തുല്യമാണ് വിദ്യാഭ്യാസ യോഗ്യത. ബിരുദം 2023 ഓഗസ്റ്റ് 15-നകം നേടിയതായിരിക്കണം.ഡല്‍ഹി പോലീസിലെ സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന പുരുഷ ഉദ്യോഗാര്‍ഥികള്‍ ഫിസിക്കല്‍ എന്‍ഡ്യൂറന്‍സ്, മെഷര്‍മെന്റ് ടെസ്റ്റുകള്‍ക്ക് മുന്‍പായി സാധുവായ എല്‍.എം.വി. ഡ്രൈവിങ് (മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് കാര്‍) ലൈസന്‍സ് നേടിയിരിക്കണം.
പ്രായം: 2023 ഓഗസ്റ്റ് ഒന്നിന് 20-25 വയസ്സ്. (1998 ഓഗസ്റ്റ് രണ്ടിന് മുന്‍പോ 2003 ഓഗസ്റ്റ് ഒന്നിന് ശേഷമോ ജനിച്ചവരായിരിക്കരുത്).
ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവ് ലഭിക്കും.
വിമുക്തഭടന്മാര്‍ക്കും സര്‍വീസിന് ആനുപാതികമായി, ചട്ടങ്ങളനുസരിച്ചുള്ള വയസ്സിളവ് ലഭിക്കും.
ഡല്‍ഹി പോലീസിലെ സബ് ഇന്‍സ്പെക്ടര്‍ ഒഴിവുകളിലേക്ക് വിധവകള്‍ക്കും പുനര്‍വിവാഹം ചെയ്തിട്ടില്ലാത്ത വിവാഹമോചിതകള്‍ക്കും 35 വയസ്സുവരെ (എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 40 വയസ്സുവരെ) അപേക്ഷിക്കാം.
ശമ്പളം: 35,400-1,12,400 രൂപ.
ശാരീരിക യോഗ്യത: പുരുഷന്മാര്‍ക്ക് 170 സെ.മീ. ഉയരം (എസ്.ടി. വിഭാഗക്കാര്‍ക്ക് 162.5 സെ.മീ.), നെഞ്ചളവ് 80 സെ.മീ. (എസ്.ടി. വിഭാഗക്കാര്‍ക്ക് 77 സെ.മീ.), നെഞ്ചളവ് വികാസം 85 സെ.മീ. (എസ്.ടി. വിഭാഗക്കാര്‍ക്ക് 82 സെ.മീ.) എന്നീ ശാരീരിക യോഗ്യതകള്‍ ഉണ്ടായിരിക്കണം. വനിതകള്‍ക്ക് 157 സെ.മീ. ഉയരമാണ് (എസ്.ടി. വിഭാഗക്കാര്‍ക്ക് 154 സെ.മീ.) വേണ്ടത്.
എല്ലാ വിഭാഗക്കാര്‍ക്കും ഉയരത്തിനനുസരിച്ച ശരീരഭാരം വേണം.
തിരഞ്ഞെടുപ്പ്: പേപ്പര്‍-I, പേപ്പര്‍-II എന്നിങ്ങനെ രണ്ട് പരീക്ഷകളും ഫിസിക്കല്‍ സ്റ്റാന്‍ഡേഡ് ടെസ്റ്റ്/ ഫിസിക്കല്‍ എന്‍ഡ്യൂറന്‍സ് ടെസ്റ്റ്, മെഡിക്കല്‍ പരിശോധനയും നടത്തിയാവും തിരഞ്ഞെടുപ്പ്.
ശാരീരികശേഷി പരിശോധന
പുരുഷന്മാര്‍: 16 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഓട്ടം, 6.5 മിനിറ്റില്‍ 1.6 കി.മീ. ഓട്ടം, ലോങ് ജമ്പ് -3.65 മീറ്റര്‍, ഹൈജമ്പ് -1.2 മീറ്റര്‍, ഷോട്ട്പുട്ട് (16 എല്‍.ബി.എസ്.) 4.5 മീറ്റര്‍. ലോങ് ജമ്പ്, ഹൈജമ്പ്, ഷോട്ട്പുട്ട് എന്നിവയ്ക്ക് മൂന്ന് അവസരങ്ങളായിരിക്കും നല്‍കുക.
വനിതകള്‍: 18 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഓട്ടം, നാല് മിനിറ്റില്‍ 800 മീറ്റര്‍ ഓട്ടം, ലോങ് ജംപ്-2.7 മീറ്റര്‍ (മൂന്ന് അവസരങ്ങള്‍), ഹൈ ജംപ്-0.9 മീറ്റര്‍ (മൂന്ന് അവസരങ്ങള്‍).തിരുവനന്തപുരം കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍ എന്നിങ്ങനെ കേരളത്തില്‍ അഞ്ച് പരീക്ഷാകേന്ദ്രങ്ങളുണ്ട്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനത്തിന് www.ssc.nic.in സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 15 രാത്രി 11 മണി. അപേക്ഷയിലെ തെറ്റുകള്‍ തിരുത്താന്‍ ഓഗസ്റ്റ് 16 മുതല്‍ ഓഗസ്റ്റ് 17 രാത്രി 11 വരെ സമയം അനുവദിക്കും. തെറ്റ് തിരുത്തുന്നതിന് പ്രത്യേക ഫീസുണ്ട്.