ബട്ടണ്‍ അമര്‍ത്തിയാല്‍ പോലീസ് സഹായത്തിനെത്തും; ബെംഗളൂരു-മൈസൂരു അതിവേഗപാതയില്‍ എസ്.ഒ.എസ്. ബോക്‌സ്

ബെംഗളൂരു-മൈസൂരു അതിവേഗ പാതയില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി എസ്.ഒ.എസ്. പെട്ടികള്‍ സ്ഥാപിച്ച് ദേശീയപാത അതോറിറ്റി. അടിയന്തരഘട്ടങ്ങളില്‍ യാത്രക്കാര്‍ക്ക് അധികൃതരുമായി ബന്ധപ്പെടാനുള്ള സംവിധാനമാണിത്. മഞ്ഞ നിറത്തിലുള്ള പെട്ടിയിലെ ‘എമര്‍ജന്‍സി’ എന്ന സ്വിച്ചമര്‍ത്തിയാല്‍ മൈസൂരുവിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാന്‍ കഴിയും.
ഇവിടെനിന്ന് എസ്.ഒ.എസ്. പെട്ടിയുടെ ഏറ്റവും അടുത്തുള്ള പോലീസിന്റെ പട്രോളിങ് വാഹനത്തിനും പോലീസ് സ്റ്റേഷനിലും ആംബലന്‍സിലും സന്ദേശങ്ങള്‍ കൈമാറി സഹായമെത്തിക്കും. ജി.പി.എസ്. സംവിധാനവും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. സൗരോര്‍ജമുപയോഗിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ അപകടങ്ങളുണ്ടാകുന്ന പാതയാണ് ബെംഗളൂരു- മൈസൂരു അതിവേഗപാത. അപകടങ്ങള്‍ കുറയ്ക്കാനുള്ള വിവിധ സംവിധാനങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് എസ്.ഒ.എസ്. പെട്ടികള്‍ സജ്ജീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും ട്രാക്ടറുകളും അതിവേഗ പാതയില്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് ദേശീയപാത അതോറിറ്റി ഉത്തരവിറക്കിയിരുന്നു.
ഓഗസ്റ്റ് ഒന്നു മുതല്‍ സര്‍വീസ് റോഡുകളിലൂടെ മാത്രമാണ് ഇത്തരം വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ അനുമതി. ഇതിനൊപ്പം നിര്‍മിത ബുദ്ധി അധിഷ്ഠിതമായ ക്യാമറകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. അതിവേഗപാതയിലൊരുക്കിയ എസ്.ഒ.എസ്. ബോക്സിന്റെ ചിത്രവും വിവരങ്ങളും ട്വിറ്റര്‍ പേജിലൂടെ പി.സി. മോഹന്‍ എം.പി. വ്യാഴാഴ്ച പങ്കുവെച്ചു. ഈ സംവിധാനം യാത്രക്കാര്‍ക്ക് വലിയ അനുഗ്രഹമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കുറിച്ചു.
അപകടകാരണം പാതയുടെ നിര്‍മാണം പൂര്‍ത്തിയാകാത്തത്
ബെംഗളൂരു-മൈസൂരു അതിവേഗപാതയില്‍ നിരന്തരമുണ്ടാകുന്ന അപകടത്തിന്റെ പ്രധാനകാരണം പലയിടങ്ങളിലും നിര്‍മാണം പൂര്‍ത്തിയാകാത്തതാണെന്ന് ട്രാഫിക് പോലീസിന്റെ ചുമതലയുള്ള എ.ഡി.ജി.പി. അലോക് കുമാര്‍. കഴിഞ്ഞ ദിവസം ദേശീയപാത അതോറിറ്റി അധികൃതരുമായി നടന്ന ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹം ആരോപണമുന്നയിച്ചത്.
തന്റെ പരിശോധനയില്‍ പാതയില്‍ 20 അപകട മേഖലകള്‍ കണ്ടെന്നും അദ്ദേഹം പറഞ്ഞു. പാതയില്‍ നിര്‍മിക്കേണ്ട അനുബന്ധ സൗകര്യങ്ങളുടെ പ്രവൃത്തി ഇപ്പോഴും നടന്നുകൊണ്ടിരിക്കയാണ്. ഇതില്‍ തെരുവുവിളക്കുകളും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കുന്നതും ഉള്‍പ്പെടുമെന്ന് അലോക് കുമാര്‍ വ്യക്തമാക്കി.