‘ഷംസീറിന് എസ്.ഡി.പി.ഐക്കാരുടെ സ്വരം; ഉള്ളിലുള്ള പോപുലർ ഫ്രണ്ടുകാരൻ പുറത്തുവന്നു’-സ്പീക്കർക്കെതിരെ യുവമോർച്ച നേതാവ്

കണ്ണൂർ: സ്പീക്കർ എ.എൻ ഷംസീറിന് എസ്.ഡി.പി.ഐക്കാരുടെ സ്വരമാണെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ പ്രഫുൽ കൃഷ്ണ. അദ്ദേഹത്തിന്റെ ഉള്ളിലുള്ള പോപുലർ ഫ്രണ്ടുകാരനും എസ്.ഡി.പി.ഐക്കാരനും പുറത്തുവന്നിരിക്കുകയാണ്. ഇത് പാർട്ടി നിലപാടാണോ എന്ന കാര്യം സി.പി.എം വ്യക്തമാക്കണമെന്നും പ്രഫുൽ കൃഷ്ണ ആവശ്യപ്പെട്ടു.
ബാങ്കുവിളിയെപ്പറ്റി പൂർണമായ അഭിമാനത്തോടെ ഓർക്കുന്നയാളാണ് ഷംസീർ. അദ്ദേഹം നിരീശ്വരവാദിയൊന്നുമല്ല. ഇസ്‌ലാംമത വിശ്വാസത്തെക്കുറിച്ച് അഭിമാനപൂർവം ഓർത്തെടുക്കുന്നയാളാണ്. ഷംസീറിന്റെ വായിൽ നിന്നു വന്നത് എസ്.ഡി.പി.ഐ നേതാവിന്റെ സ്വരമാണ്.
അദ്ദേഹത്തിന്റെ ഉള്ളിലുള്ള പി.എഫ്.ഐക്കാരനും എസ്.ഡി.പി.ഐക്കാരനും പുറത്തുചാടുന്ന കാഴ്ചയാണ് കാണുന്നത്. താലിബാൻസ്വരമാണ് പുറത്തുവന്നത്-പ്രഫുൽ കൃഷ്ണ ആരോപിച്ചു.
”സ്വർഗത്തെയും നരകത്തെയും മലക്കുകളെയുമെല്ലാം കുറിച്ച് ഷംസീർ സംസാരിക്കുന്ന വിഡിയോ കണ്ടിട്ടുണ്ട്. സ്ത്രീകൾക്ക് ഏറ്റവും ഉദാത്തമായ സ്വാതന്ത്ര്യം കൊടുക്കുന്ന മതമാണ് ഇസ്‌ലാം എന്നാണ് ഷംസീറിന്റെ അഭിപ്രായം. അദ്ദേഹത്തിന് അത്തരം വിശ്വാസങ്ങളുണ്ടെങ്കിൽ ഒരു കുറ്റവുമില്ല.
അദ്ദേഹത്തിന്റെ മതം ഉദാത്തമാണെന്നു വിശ്വസിക്കുന്നതിനും തടസമില്ല. എന്നാൽ, തന്റെ മതവും വിശ്വാസവും മാത്രമാണു ശരിയെന്നും മറ്റു മതങ്ങളെല്ലാം വിഡ്ഢിത്വമാണെന്നും പറയുന്നത് ഒരു ജനപ്രതിനിധിക്കും സഭാനാഥനും ചേർന്നതല്ല.”
ഗുരതരമായ ആരോപണങ്ങളാണ് അദ്ദേഹം നടത്തിയത്. കോടിക്കണക്കിനു വിശ്വാസികളുടെ വിശ്വാസത്തെ മുഴുവൻ ചവിട്ടിമെതിക്കുകയാണ് ഷംസീർ ചെയ്തത്. രാമായണവും മഹാഭാരതവും ഗണപതിയും ദൈവങ്ങളുമെല്ലാം ഹിന്ദു വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതാണ്.
പരാമർശത്തിന്റെ പേരിൽ ഷംസീർ മാപ്പുപറയണം. ഷംസീറിന്റെ ഭാഗത്തു നിന്ന് ഇത്രയും ഗുരുതരമായ പ്രതികരണമുണ്ടായിട്ടും ഇതുവരെ സി.പി.എം പ്രതികരിച്ചിട്ടില്ല. ഇത് ഷംസീറിന്റെ വ്യക്തിപരമായ അഭിപ്രായമാണോയെന്ന കാര്യം സി.പി.എം വ്യക്തമാക്കണം-യുവമോർച്ച നേതാവ് ആവശ്യപ്പെട്ടു.
പി. ജയരാജൻ ഈ വിഷയങ്ങളെ വഴിതിരിച്ചുവിട്ട് ബി.ജെ.പി-സി.പി.എം പ്രശ്‌നമാക്കി മാറ്റുകയാണ്. ഇപ്പോൾ സമാധാനം നിലനിൽക്കുന്ന കണ്ണൂരിൽ സംഘർഷം സൃഷ്ടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ചോരകണ്ടു കൊതിതീരാത്തവരും എന്നും സംഘർഷം ആഗ്രഹിക്കുന്നവരുമായ ചിലരുണ്ട്.
ചോരയുടെ മണം ആസ്വദിക്കുന്ന ജയരാജൻ കണ്ണൂരിലെ സമാധാനാന്തരീക്ഷം നടത്താനുള്ള ബോധപൂർവമായ ഇടപെടലാണ് നടത്തിയിരിക്കുന്നത്. ജയരാജനു നൽകേണ്ട മറുപടി യുവമോർച്ചക്കാർക്ക് കൃത്യമായി അറിയാം. ജയരാജന് ഇവിടെ കൊലപാതകവും സാധാരണക്കാർ കൊല്ലപ്പെടുകയുമാണു വേണ്ടതെന്നും എന്നാൽ അദ്ദേഹം ആഗ്രഹിച്ചത് ഇവിടെ നടക്കാൻ പോകുന്നില്ലെന്നും പ്രഫുൽ കൃഷ്ണ വ്യക്തമാക്കി.