ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്ന് പറഞ്ഞും തട്ടിപ്പ്

തിരുവനന്തപുരം: കെ .എസ് .ഇ. ബിയുടെ പേരിലും തട്ടിപ്പ്. ആധാർ നമ്പർ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്നതടക്കമുള്ള മെസേജുകൾ തട്ടിപ്പാണെന്നും ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നും കെ .എസ് .ഇ. ബി അറിയിച്ചു. ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം കവരുകയും ചെയ്യുന്ന ശൈലിയാണ് ഇത്തരം തട്ടിപ്പുകാർക്കുള്ളതെന്നും കെ .എസ് .ഇ .ബി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
കെ .എസ് .ഇ. ബി അയക്കുന്ന സന്ദേശങ്ങളിൽ 13 അക്ക കൺസ്യൂമർ നമ്പർ, അടയ്ക്കേണ്ട തുക, പണമടയ്ക്കാനുള്ള ലിങ്ക് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കും. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒ ടി പി തുടങ്ങിയവ ഒരു ഘട്ടത്തിലും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ആവശ്യപ്പെടില്ലെന്നും ഇത്തരം വ്യാജ സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുതെന്നും കെ. എസ്. ഇ. ബി ആവശ്യപ്പെട്ടു.
കെ. എസ്. ഇ. ബി അറിയിപ്പ് ഇപ്രകാരം
എത്രയും വേഗം പണമടച്ചില്ലെങ്കിൽ/ ആധാർ നമ്പർ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിൽ ചില വ്യാജ എസ്. എം. എസ്/ വാട്സാപ് സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ഇപ്പോഴും ലഭിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങൾ ഇപ്പോൾ മലയാളത്തിലും ലഭിക്കുന്നതായാണ് മനസ്സിലാകുന്നത്.
സന്ദേശത്തിലെ മൊബൈൽ നമ്പരിൽ ബന്ധപ്പെടുന്നവരോട് കെ. എസ്. ഇ. ബി ഉദ്യോഗസ്ഥൻ എന്ന വ്യാജേന സംസാരിച്ച് ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയും തുടർന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം കവരുകയും ചെയ്യുന്ന ശൈലിയാണ് ഇത്തരം തട്ടിപ്പുകാർക്കുള്ളത്.
കെ .എസ്. ഇ. ബി അയക്കുന്ന സന്ദേശങ്ങളിൽ 13 അക്ക കൺസ്യൂമർ നമ്പർ, അടയ്ക്കേണ്ട തുക, പണമടയ്ക്കാനുള്ള ലിങ്ക് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കും. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒ .ടി. പി തുടങ്ങിയവ ഒരു ഘട്ടത്തിലും കെ. എസ്. ഇ. ബി ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതല്ല. ഉപഭോക്താക്കൾ തികഞ്ഞ ജാഗ്രത പുലർത്തണം എന്ന് അഭ്യർഥിക്കുന്നു. ഇത്തരം വ്യാജ സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുത്. ജാഗ്രത.