പേരാവൂർ താലൂക്കാസ്പത്രിക്ക് ചുറ്റുമതിൽ കെട്ടും; എച്ച്.എം.സിയിൽ തീരുമാനം

പേരാവൂർ: താലൂക്കാസ്പത്രി ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കാൻ വ്യാഴാഴ്ച ചേർന്ന എച്ച്.എം.സി യോഗത്തിൽ തീരുമാനം. ഒന്നാം ഘട്ടത്തിൽ ബ്ലോക്ക് ഓഫീസ് അതിര് മുതൽ മൗണ്ട് കാർമൽ ആശ്രമത്തിന്റെ അതിര് വരെയാണ് ഒൻപതടി ഉയരത്തിൽ ചുറ്റുമതിൽ കെട്ടുക. ബ്ലോക്ക് ഓഫീസ് സമീപത്തും പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള സ്വകാര്യ റോഡിന് സമീപവും ഗേറ്റ് സ്ഥാപിക്കാനും തീരുമാനമായി. ഇതോടെ ചുറ്റുമതിൽ നിർമാണവുമായി ബന്ധപ്പെട്ട് എച്ച്.എം.സി അംഗങ്ങൾക്കിടയിൽ മാസങ്ങളായുള്ള അനിശ്ചിതത്വം നീങ്ങി.
ചുറ്റുമതിൽ കെട്ടാൻ പി.ഡബ്ല്യു.ഡി ആദ്യം തയ്യാറാക്കിയ പ്ലാനും എസ്റ്റിമേറ്റും പുതുക്കാനും എത്രയുമുടനെ നിർമാണം തുടങ്ങാനുമാണ് എച്ച്.എം.സി ഐക്യകണ്‌ഠേന തീരുമാനിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. വൈസ്. പ്രസിഡന്റ് പ്രീത ദിനേശൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ടി.കെ. മുഹമ്മദ്, ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, പഞ്ചായത്തംഗം റജീന സിറാജ് പൂക്കോത്ത്, അഡ്വ.എം. രാജൻ, അഡ്വ.വി. ഷാജി, കൂട്ട ജയപ്രകാശ്, ആസ്പത്രി സൂപ്രണ്ട് എച്ച്. അശ്വിൻ തുടങ്ങിയവർ സംസാരിച്ചു.