ഇരിട്ടി നഗരത്തിൽ അപകടഭീഷണിയായി മരങ്ങൾ

ഇരിട്ടി : ഇരിട്ടി നഗരത്തിലെ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ നടപടിയില്ല. നിരവധി തവണ ഇവയുടെ കൊമ്പ് പൊട്ടിവീണ് അപകടം സംഭവിച്ചിട്ടുണ്ട്. പുതിയ ബസ്‌സ്റ്റാൻഡ് ബൈപാസ് റോഡിലെ കുറ്റൻ പൊങ്ങ് മരം ഇലകൾ പൊഴിഞ്ഞ് പാതി ഉണങ്ങി നില്ക്കുകയാണ്.
നിരവധി വാഹനങ്ങൾ നിർത്തിയിടുന്ന മരചുവട് ചുമട്ടുതൊഴിലാളികളുടെ വിശ്രമകേന്ദ്രവുമാണ്. കൂടാതെ ബൈപാസ് റോഡ് വഴി ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതും ഇതുവഴിയാണ്. മരത്തിന്റെ ശിഖരങ്ങൾ പൊട്ടിവീണാൽ തന്നെ വലിയ അപകടമാണുണ്ടാകുക.
താലൂക്ക് ഓഫീസിന് മുന്നിലെ കൂറ്റൻമരത്തിലെ ശിഖരങ്ങൾ രണ്ടുതവണയാണ് വീണത്. രാത്രിയിൽ നഗരത്തിലെ തിരക്കൊഴിഞ്ഞ സമയമായതിനാൽ അപകടമൊഴിവായി. മഴ തുടങ്ങിയതോടെ ഇലയുടെ ഭാരം കൂടി വലിയ ശിഖരങ്ങൾ പൊട്ടിവീഴാൻ പാകത്തിൽ നില്ക്കുന്നത് വലിയ ഭീഷണിയാണ്.
ശിഖരങ്ങൾ മുറിച്ചുമാറ്റാനുള്ള നടപടികളാണ് ഉടൻ വേണ്ടത്. ഇക്കാര്യത്തിൽ അനുകൂല നിലപാടല്ല ബന്ധപ്പെട്ടവരിൽനിന്ന് ഉണ്ടാകുന്നതെന്നാണ് പ്രദേശവാസികളുടെ പരാതി. താലൂക്ക് ഓഫീസിന് എതിർവശത്തുള്ള റോഡരികിലുള്ള ബദാം മരവും ടാക്സി ഡ്രൈവർമാർക്കും സമീപത്തെ കെട്ടിടത്തിനും ഭീഷണി ഉയർത്തി നിൽക്കുന്നുമുണ്ട്.