സീറ്റിന് സീറ്റ്, ബെര്‍ത്തിന് ബര്‍ത്ത്; ഇത് ജീവനക്കാരുടെ കാശിന് വാങ്ങിയ സ്വിഫ്റ്റ് ഹൈബ്രിഡ് ബസ്

കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റിലെ ജീവനക്കാരില്‍ നിന്നും കരുതല്‍ ധാനമായി വാങ്ങിയ പണം ഉപയോഗിച്ച് കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് വാങ്ങിയ പുതിയ ഹൈബ്രിഡ് ബസായ സീറ്റര്‍ കം സ്ലീപ്പര്‍ ബസ് നിരത്തുകളിലെത്താനൊങ്ങി. കൂടുതല്‍ സൗകര്യങ്ങളോട് കൂടിയ 2+1 ലേഔട്ടിലുള്ള 27 സീറ്റുകളും 15 സ്ലീപ്പര്‍ സീറ്റുകളുമാണ് ഒരുക്കിയിട്ടുള്ളത്. കാഫ് സപ്പോര്‍ട്ട് നല്‍കുന്ന സീറ്റുകളാണ് സെമി സ്ലീപ്പര്‍ സംവിധാനത്തില്‍ ഒരുക്കിയിട്ടുള്ളതെന്നതാണ് ഒരു സവിശേഷത.
സ്വിഫ്റ്റിന്റെ മറ്റ് ബസുകള്‍ ഒരുങ്ങിയിട്ടുള്ളതില്‍ നിന്ന് വേറിട്ട രൂപത്തിലാണ് ഈ ബസ്. യാത്രക്കാരുടെ പ്രതകരണം അനുസരിച്ച് ഈ ഡീസൈനില്‍ കൂടുതല്‍ വാഹനങ്ങള്‍ ഒരുങ്ങും. ഏല്ലാ സീറ്റുകളിലും ബെര്‍ത്തുകളിലും മൊബൈല്‍ ഫോണ്‍ ചാര്‍ജിങ്ങ് സംവിധാനം, ഫോണ്‍ സൂക്ഷിക്കാനുള്ള മൊബൈല്‍ പൗച്ച്, ഹാന്‍ഡ് ബാഗുകള്‍ ഉള്‍പ്പെടെ ചെറിയ ലഗേജുകള്‍ സൂക്ഷിക്കാനുള്ള സ്‌പേസ് തുടങ്ങിയ സൗകര്യങ്ങളും ഈ ബസില്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
200 എച്ച്.പി. പവറുള്ള ബി.എസ്.6 എന്‍ജിനിലുള്ള 12 മീറ്റര്‍ അശോക് ലെയ്‌ലാന്‍ഡ് ഷാസിയിലാണ് ഈ ബസ് ഒരുങ്ങിയിട്ടുള്ളത്. എയര്‍ സസ്‌പെന്‍ഷന്‍ സംവിധാനം ഉള്‍പ്പെടെയുള്ള ഈ വാഹനത്തിന്റെ ബോഡി ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്.എം. കണ്ണപ്പയാണ് നിര്‍മിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഒരു എ.സി, ഒരു നോണ്‍ എ.സി. ബസുമാണ് എത്തിയിട്ടുള്ളത്. തിരുവനന്തപുരം-കാസര്‍കോട് റൂട്ടിലാണ് ഈ ബസ് പരീക്ഷണാടിസ്ഥാനത്തില്‍ ഓടുന്നത്.
കെ.എസ്.ആര്‍.ടി.സിയില്‍ ആദ്യമായാണ് സ്ലീപ്പര്‍/സെമി സ്ലീപ്പര്‍ ഹൈബ്രിഡ് ബസുകള്‍ എത്തുന്നത് എന്ന സവിശേഷതയും ഈ ബസുകളുടെ വരവിലുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി രണ്ട് എമര്‍ജന്‍സി ഡോറുകള്‍, നാല് വശങ്ങളിലുമായി എല്‍.ഇ.ഡി. ഡിസ്‌പ്ലേ ബോര്‍ഡുകളും നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനത്തിലോടുന്ന ബസിലെ രണ്ടാമത്തെ ജീവനക്കാരന് വിശ്രമിക്കാനുള്ള സൗകര്യവും ക്യാബിനിലുണ്ട്. ഓണ്‍ലൈന്‍ ട്രാക്കിങ്ങ്, ഐ-അലേര്‍ട്ട് തുടങ്ങിയ സംവിധാനവും ബസിലുണ്ട്.
സ്വിഫ്റ്റിലെ ജീവനക്കാരിന്‍ നിന്നും വാങ്ങിയ കരുതല്‍ ധനം ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പകരം ഈ സംരംഭത്തില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ നിശ്ചിത ശതമാനം ജീവനക്കാര്‍ക്ക് തന്നെ നല്‍കും. പുതിയ സംരംഭത്തിലുടെ ലഭിക്കുന്ന പണം ജീവനക്കാര്‍ക്ക് തന്നെ പങ്കുവയ്ക്കാനാണ് സ്വിഫ്റ്റിന്റെ ശ്രമമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ പൊതുജന പങ്കാളിത്തത്തോടെ കൂടുതല്‍ ബസുകള്‍ വാങ്ങി അതിന്റെ ലാഭം അവര്‍ക്ക് തന്നെ ലഭ്യമാക്കുന്ന പദ്ധതികളും കെ.എസ്.ആര്‍.ടി.സിയുടെ ആലോചനയിലുണ്ട്.