മണിപ്പുർ ഐക്യദാർഢ്യ റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം; അഞ്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകരായ അബ്ദുൾ സലാം (18), ഷെരീഫ് (38), ആഷിർ (25), അയൂബ് പി.എച്ച് (45), പി.മുഹമ്മദ് കുഞ്ഞി (55) എന്നിവരാണ് അറസ്റ്റിലായത്. മതവികാരം വ്രണപ്പെടുത്തല്‍, അന്യായമായി സംഘംചേരല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്.
മുദ്രാവാക്യം വിളിച്ച വ്യക്തി ഉൾപ്പെടെ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മണിപ്പുർ ഐക്യദാർഢ്യറാലിയുടെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച റാലിയിലായിരുന്നു വിദ്വേഷ മുദ്രാവാക്യം ഉയർന്നത്.
വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിൽ മുദ്രാവാക്യം വിളിച്ച പ്രവർത്തകനെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ പ്രവർത്തകൻ അബ്ദുൽ സലാമിനെയാണ് പുറത്താക്കിയത്. ഇയാളെ അടക്കമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ബി.ജെ.പി. കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് പ്രശാന്തിന്റെ പരാതിയിൽ ഹൊസ്ദുർഗ് പോലീസാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന മുന്നൂറോളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
സംഭവത്തിൽ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഖേദം പ്രകടിപ്പിച്ചു. പാർട്ടിയുടെ ആശയങ്ങൾക്ക് വിരുദ്ധമായും മതസൗഹാർദത്തിന് കോട്ടം തട്ടുന്ന രീതിയിൽ പ്രവർത്തിക്കുന്നവരെയും സംഘടനയിൽ വച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.