റബ്ബറിന് 300 രൂപ താങ്ങുവില പ്രഖ്യാപിക്കുന്ന കാര്യം നിലവില്‍ പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

റബ്ബറിന് 300 രൂപ താങ്ങുവില പ്രഖ്യാപിക്കുന്ന കാര്യം നിലവില്‍ പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്സഭയില്‍ ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസിന്റെ ചോദ്യത്തിന് കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ നല്‍കിയ മറുപടിയിലാണ് നിലപാട് വ്യക്തമാക്കിയത്.
രാജ്യത്തെ റബ്ബര്‍ കര്‍ഷകര്‍ക്ക് സഹായകരമാകുന്ന വിധത്തില്‍ റബ്ബറിന്റെ ഇറക്കുമതി നിയന്ത്രിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇറക്കുമതി തീരുവ 20 ശതമാനത്തില്‍ നിന്ന് 30 ശതമാനമാക്കി ഉയര്‍ത്തിയെന്നും അവര്‍ പറഞ്ഞു.
ഇറക്കുമതി ചെയ്ത റബ്ബര്‍ ആറ് മാസത്തിനുള്ളില്‍ ഉപയോഗിക്കണമെന്ന നിബന്ധനയും കോംപൗണ്ട് റബ്ബറിന്റെ എക്‌സൈസ് ഡ്യൂട്ടി പത്തില്‍ നിന്ന് 20 ശതമാനമാക്കിയെന്നും മന്ത്രി വിശദീകരിച്ചു.
റബ്ബര്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന സബ്‌സിഡി പദ്ധതികള്‍ വിശദീകരിച്ച മന്ത്രി, റബ്ബര്‍ കര്‍ഷകര്‍ക്ക് ലാറ്റക്‌സ് നിര്‍മ്മാണത്തിനും മറ്റും പരിശീലനം നല്‍കുന്ന പരിപാടിയെ കുറിച്ചും മറുപടിയില്‍ വിശദീകരിച്ചു.