ബെംഗളൂരു-മൈസൂരു അതിവേഗപാത; ബൈക്കുകളും ഓട്ടോകളും ഇനി സര്‍വീസ് റോഡിലൂടെ മാത്രം

ബൈക്കും ഓട്ടോറിക്ഷയും ഉള്‍പ്പെടെയുള്ള വേഗംകുറഞ്ഞ വാഹനങ്ങള്‍ക്ക് ബെംഗളൂരു-മൈസൂരു അതിവേഗപാതയില്‍ നിയന്ത്രണം. ഇത്തരം വാഹനങ്ങള്‍ ഓഗസ്റ്റ് ഒന്നുമുതല്‍ സര്‍വീസ് റോഡിലൂടെ മാത്രമേ സഞ്ചരിക്കാവൂ. പത്തുവരിപ്പാതയില്‍ അതിവേഗത്തില്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്ന നടുവിലെ ആറുവരികളില്‍ ഇവയ്ക്ക് നിരോധനമേര്‍പ്പെടുത്തി. ഇതിലൂടെ സഞ്ചരിക്കുന്നത് അപകടസാധ്യതയുണ്ടാക്കുന്നെന്ന് കണ്ടാണ് നടപടി.
ബൈക്ക് ഉള്‍പ്പെടെയുള്ള ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെയുള്ള മുച്ചക്രവാഹനങ്ങള്‍ക്കും മള്‍ട്ടി ആക്‌സില്‍ ട്രെയ്ലറുകള്‍ക്കും മോട്ടോര്‍രഹിതവാഹനങ്ങള്‍ക്കും ട്രാക്ടറുകള്‍ക്കുമാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നത്. ദേശീയപാത അതോറിറ്റി ഇതിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചു.
ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്കും തിരിച്ചും ഒട്ടേറെ മലയാളികള്‍ ഈ പാതയിലൂടെ ബൈക്കില്‍ യാത്രചെയ്യുന്നുണ്ട്. ഇവര്‍ ഇനി സര്‍വീസ് റോഡുകള്‍ തിരഞ്ഞെടുക്കണം. അതിവേഗം വരുന്ന വാഹനങ്ങള്‍ വേഗം കുറഞ്ഞ വാഹനങ്ങളെ മറികടക്കാനായി ലെയ്ന്‍ മാറി സഞ്ചരിക്കുന്നതാണ് പാതയിലെ അപകടങ്ങളുടെ പ്രധാനകാരണം. വേഗംകുറഞ്ഞ വാഹനങ്ങള്‍ ഒഴിയുന്നതോടെ കാര്‍ ഉള്‍പ്പെടെയുള്ള മറ്റുവാഹനങ്ങള്‍ക്ക് യാത്ര കൂടുതല്‍ സുഗമമാകും.
കഴിഞ്ഞ മാര്‍ച്ചിലാണ് അതിവേഗപാത പ്രധാനമന്ത്രി നരേന്ദ്രമോദി നാടിനു സമര്‍പ്പിച്ചത്. അതിനു ശേഷം ഇതുവരെ 300 വാഹനാപകടങ്ങള്‍ പാതയിലുണ്ടായതാണ് കണക്ക്. നൂറ് യാത്രക്കാരുടെ ജീവന്‍ റോഡില്‍ പൊലിയുകയും ചെയ്തു. ബെംഗളൂരുവിലെ കെങ്കേരി പഞ്ചമുഖി ക്ഷേത്രത്തിനു മുമ്പില്‍ നിന്ന് ആരംഭിച്ച് രാമനഗര, മാണ്ഡ്യ ജില്ലകളിലൂടെ കടന്ന് മൈസൂരു മണിപ്പാല്‍ ആശുപത്രി ജങ്ഷനിലെത്തുന്ന 117 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയാണിത്.