മരണക്കയം താണ്ടി ; അവളിനി നാടിന്റെ കണ്മണി

[tps_title][/tps_title]
തിരുവനന്തപുരം : മദ്യലഹരിയിൽ മാതാപിതാക്കൾ നിലത്തെറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ കൊല്ലത്തെ രണ്ടു വയസ്സുകാരി ആരോഗ്യം വീണ്ടെടുത്തു. കോമയിലായിരുന്ന കുട്ടി തിരുവനന്തപുരം എസ്.എ.ടി, മെഡിക്കൽ കോളേജ് ആശുപത്രികളിലെ ഡോക്‌ടർമാരുടെ ചികിത്സയിലാണ് രക്ഷപ്പെടുത്താനായത്. ചൊവ്വാഴ്ച മന്ത്രി വീണാ ജോർജ് കുഞ്ഞിനെ സന്ദർശിച്ചു.
കുഞ്ഞിന്റെ സംരക്ഷണവും തുടർചികിത്സയും വനിതാ ശിശുവികസന വകുപ്പ് ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. രണ്ട് കെയർ ടേക്കർമാരെയും അനുവദിച്ചു. ഒമ്പതിനാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂറോ സർജറി, പീഡിയാട്രിക് ന്യൂറോളജി, പീഡിയാട്രിക് സർജറി, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി, എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, ന്യൂറോ സർജറി പ്രൊഫസർ ഡോ. ബിജു ഭദ്രൻ, ചീഫ് നഴ്‌സിങ് ഓഫീസർ അമ്പിളി തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.