പൂവത്താർ കുണ്ടിനടുത്തുള്ള ക്വാറിയുടെ പരിസ്ഥിതി ക്ലിയറൻസ് റദ്ദ് ചെയ്യും

പുരളിമല: പൂവത്താർ കുണ്ടിന് സമീപമുള്ള ക്വാറിയുടെ പരിസ്ഥിതി ക്ലിയറൻസ് റദ്ദ് ചെയ്യാൻ ‘എസ്. ഇ. ഐ .എ. എ കേരള’ റിപ്പോർട്ട് നൽകും. പ്രോജക്റ്റുകൾക്ക് പാരിസ്ഥിതിക ക്ലിയറൻസ് കൈകാര്യം ചെയ്യാൻ അധികാരം നൽകുന്ന ഇന്ത്യൻ സർക്കാർ സ്ഥാപനമായ സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തൽ അതോറിറ്റി ആണ് ക്വാറിയുടെ പരിസ്ഥിതി ക്ലിയറൻസ് റദ്ദ് ചെയ്യുന്നത്.
ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പുരളിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും ഇവിടെ പ്രക്ഷോഭം തുടങ്ങിയിട്ട് നാളുകളേറെയായി.പുരളിമല സംരക്ഷണ സമിതി പൂവത്താർ വെള്ളച്ചാട്ടത്തിന്റെ പരിസരത്തുള്ള ക്വാറിയുമായി ബന്ധപ്പെട്ട് ഏഴോളം കേസുകളും നടത്തിവരുന്നുണ്ട്.
അതിൽ കെ. കെ സുരേന്ദ്രന്റെ പൂവത്താർ കുണ്ടിനോട് ചേർന്നുള്ള എൻവിർമെന്റ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് റദ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് കൂത്തുപറമ്പ് മുൻസിപ്പൽ കോടതിയിലും കേരള ഹൈക്കോടതിയിലുമായി കേസുകൾ ഉണ്ടായിരുന്നു.
(എസ് ഇ ഐ എ എ) എന്ന അതോറിറ്റിയെ പൂവത്താറും പരിസരവും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേരള ഹൈക്കോടതി ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ഈ അതോറിറ്റിയുടെ രണ്ടു പ്രതിനിധികൾ പൂവത്താറിൽ എത്തി പരിശോധന നടത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൂവത്താർ കുണ്ടിന് ചേർന്നുള്ള ക്വാറിയുടെ പരിസ്ഥിതി ക്ലിയറൻസ് റദ്ദ് ചെയ്യാൻ ആവശ്യപ്പെടുന്നത്.