വസ്തു കൈമാറ്റം: രജിസ്‌ട്രേഷന് മുന്നാധാരം നിര്‍ബന്ധമല്ലെന്ന് ഹൈക്കോടതി 

Share our post

കൊച്ചി: വസ്തുവിന്റെ കൈവശാവകാശം മറ്റൊരാള്‍ക്ക് കൈമാറി രജിസ്റ്റര്‍ ചെയ്യാന്‍ മുന്നാധാരം നിര്‍ബന്ധമല്ലെന്ന് ഹൈക്കോടതി. മുന്നാധാരം ഹാജരാക്കിയില്ലെന്ന കാരണത്താല്‍ കൈവശാവകാശം കൈമാറി രജിസ്റ്റര്‍ ചെയ്യാന്‍ സബ് രജിസ്ട്രാര്‍ അനുവദിച്ചില്ലെന്നാരോപിച്ച് പാലക്കാട് ആലത്തൂരിലെ ബാലചന്ദ്രന്‍, പ്രേമകുമാരന്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഉത്തരവ്.

വ്യക്തി അയാളുടെ കൈവശാവകാശം മാത്രമാണ് കൈമാറുന്നതെന്നു വിലയിരുത്തിയാണ് സിംഗിള്‍ബെഞ്ച് ഉത്തരവു നല്‍കിയത്. രജിസ്‌ട്രേഷനിലൂടെ ഒരു വ്യക്തി അയാളുടെ പക്കലുള്ള അവകാശം മാത്രമാണ് മറ്റൊരാള്‍ക്ക് കൈമാറുന്നത് എന്നതിനാല്‍ മുന്‍കാല ആധാരം ഹാജരാക്കണമെന്ന് പറഞ്ഞ് രജിസ്‌ട്രേഷന്‍ നിഷേധിക്കാന്‍ സബ് രജിസ്ട്രാര്‍ക്ക് സാധിക്കില്ല.

കൈവശാവകാശം കൈമാറി രജിസ്‌ട്രേഷന്‍ നടത്താന്‍ നിയമപ്രകാരം വിലക്കില്ലെന്നും കൈവശത്തിന്റെ അടിസ്ഥാനം പാട്ടാവകാശമാണോ ഉടമസ്ഥാവകാശമാണോ എന്നത് സബ് രജിസ്ട്രാര്‍മാര്‍ നോക്കേണ്ടതില്ലെന്നും സുമതി കേസില്‍ ഹൈക്കോടതി വിധിച്ചിട്ടുള്ളത് കോടതി ചൂണ്ടിക്കാട്ടി. ഏതുതരത്തിലായാലും ഒരാള്‍ക്ക് ലഭ്യമായ അവകാശം മാത്രമാണ് കൈമാറ്റം ചെയ്യുന്നത്.

പ്രമാണത്തിലെ വാചകങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ഉടമസ്ഥത ഉള്‍പ്പെടെ അവകാശങ്ങള്‍ അന്തിമമായി സ്ഥാപിക്കപ്പെടുന്നില്ലെന്നും മുന്‍ ഉത്തരവിലുണ്ട്.

രജിസ്‌ട്രേഷന്‍ നിയമത്തിലെ 17-ാം വകുപ്പ് പ്രകാരം മുന്നാധാരം നിഷ്‌കര്‍ഷിക്കാനാവില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

കൈവശാവകാശം പോലും കൈമാറ്റം ചെയ്യാനാകുമെന്നും സര്‍ക്കാര്‍ ഭൂമിയല്ലാത്തതിനാല്‍ രജിസ്‌ട്രേഷന്‍ നിഷേധിക്കാനാവില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

വസ്തുവില്‍ വെറും പാട്ടം അവകാശപ്പെട്ട സാഹചര്യത്തിലാണ് അത് ആവശ്യപ്പെട്ടതെന്ന് ഗവണ്‍മെന്റ് പ്ലീഡര്‍ വാദിച്ചു. മറ്റു നടപടിക്രമങ്ങള്‍ പാലിച്ച് കൊണ്ട് ഹര്‍ജിക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കാന്‍ കോടതി നിര്‍ദേശിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!