വരിക്കാരില്ല; എക്‌സ്‌ചേഞ്ചുകൾ വെട്ടിക്കുറച്ച് ബി.എസ്.എൻ.എൽ

കണ്ണൂർ : ലാഭകരമല്ലെന്നപേരിൽ എക്‌സ്‌ചേഞ്ചുകൾ വെട്ടിക്കുറച്ച് ബി.എസ്.എൻ.എൽ. കണ്ണൂർ എസ്.എസ്.എ.യിൽ മാത്രം ഒഴിവാക്കിയത് 20 എക്‌സ്‌ചേഞ്ചുകൾ. വരിക്കാരുടെ എണ്ണം കുറഞ്ഞതോടെയാണ് അനാദായകരമെന്ന കണക്കിൽപ്പെടുത്തി എക്‌സ്‌ചേഞ്ചുകളും സൗകര്യങ്ങളും പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എൻ.എൽ വെട്ടിക്കുറയ്‌ക്കുന്നത്.
കണ്ണൂർ എസ്.എസ്.എ.യിൽ രണ്ടായിരത്തിൽ 181 എക്‌സ്‌ചേഞ്ചുകളാണുണ്ടായിരുന്നത്. 160 എണ്ണമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഗാർഹിക – സ്ഥാപന കണക്‌ഷനുകൾ രണ്ടുലക്ഷത്തിലേറെയുണ്ടായിരുന്നു. നിലവിൽ 42,000 മാത്രമാണ് ലാൻഡ് ലൈൻ കണക്‌ഷനുകൾ. മൊബൈൽ ഫോണുകൾ വ്യാപകമായതോടെയാണ് ലാൻഡ് ലൈൻ കണക്‌ഷനുകൾ കുത്തനെ കുറഞ്ഞത്. സംസ്ഥാനത്താകെ ആറുലക്ഷത്തോളം കണക്‌ഷനുകളുണ്ടായിരുന്നത് ഒന്നര ലക്ഷമായാണ് കുറഞ്ഞത്.
കണക്‌ഷനുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനി എക്‌സ്‌ചേഞ്ചുകളുടെ നിലനിൽപ്പ്. റൂറൽ ഏരിയയിൽ ഇരുപതിൽ താഴെയും അർബൻ ഏരിയയിൽ അമ്പതിൽ താഴെയും കണക്‌ഷനുകളുള്ള എക്‌സ്‌ചേഞ്ചുകളാണ് ഒഴിവാക്കുക. മലയോര മേഖലയിലെ ഭൂരിഭാഗം എക്‌സ്‌ചേഞ്ചുകളും ഈ നിർദേശം നടപ്പാകുന്നതോടെ ഇല്ലാതാകും. നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ ഒഴിവാക്കി ചെറിയ കെട്ടിടങ്ങളിലേക്ക് മാറാനും നിർദേശമുണ്ട്. കണക്‌ഷനുകൾ കുറവായതിനാൽ നേരത്തെയുള്ള സ്ഥലസൗകര്യം ആവശ്യമില്ലെന്നതാണ് അധികൃതരുടെ വിലയിരുത്തൽ.
ബി.എസ്.എൻ.എല്ലിന്റെ ഭൂസ്വത്ത് വിറ്റഴിക്കാനും കേന്ദ്ര സർക്കാർ നടപടി തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ എല്ലാ സർക്കിളുകളിലും ഭൂമി വിൽപ്പന സംബന്ധിച്ച പരിശോധന പൂർത്തിയായി. പലയിടത്തും ടവറുകളും മറ്റും നിൽക്കുന്നതിനാലാണ് വിൽപ്പനയിൽനിന്ന് തൽക്കാലമെങ്കിലും ഒഴിവായത്.
സ്വകാര്യ സേവനദാതാക്കൾ 5ജിയടക്കമുള്ള സൗകര്യങ്ങൾ നൽകുമ്പോഴും 4ജിയിലേക്ക് പോലും ബി.എസ്.എൻ.എൽ എത്തിയിട്ടില്ല. ഇതുകാരണം ഏറെക്കാലമായി ബി.എസ്.എൻ.എല്ലിനൊപ്പം നിൽക്കുന്ന വരിക്കാർ മറ്റ് സ്വകാര്യ കമ്പനികളിലേക്ക് മാറിക്കഴിഞ്ഞു. അതേസമയം ബി.എസ്.എൻ.എൽ ഫൈബർ കണക്‌ഷന് ഇപ്പോഴും വരിക്കാരുണ്ട്.