Kannur
സജേഷ് കൃഷ്ണൻ ദ ബ്ലേഡ് റണ്ണർ
വിധി തളര്‍ത്തിയ ജീവിതത്തിനു മുന്നില്‍ പകച്ചു നില്‍ക്കാതെ ആത്മവിശ്വാസവും തളരാത്ത ധൈര്യവുമായി വെല്ലുവിളികള്‍ നേട്ടമാക്കിയ കഥയാണ് കണ്ണൂർ ജില്ലയിലെ പയ്യന്നൂരുകാരനായ സജേഷ് കൃഷ്ണന് പറയാനുള്ളത്. കേരളത്തിലെ ആദ്യത്തെ ബ്ലേഡ് റണ്ണർ കൂടിയാണ് ഇന്ന് സജേഷ്. കൃത്രിമക്കാലുപയോഗിച്ച് നിരവധി പർവതങ്ങൾ കയറിയിറങ്ങിയ സാഹസികൻ.
പാരാ ആംപ്യൂട്ട് ഫുട്ബാളിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത കളിക്കാരൻ, ബാഡ്മിന്റൺ താരം തുടങ്ങി മനക്കരുത്തിന്റെ പ്രതീകമായി മാറുകയായിരുന്നു സജേഷ് കൃഷ്ണൻ. ഇന്ന് എറണാകുളം റിസംബിൾ സിസ്റ്റംസ് കമ്പനിയുടെ എച്ച്.ആർ മാനേജറാണ് ഇദ്ദേഹം. പരിമിതികളിൽ തളർന്നുപോകുന്നവർ അറിയണം വെല്ലുവിളികളെ അതിജീവിച്ച ഈ ചെറുപ്പക്കാരന്റെ കഥ.
അപ്രതീക്ഷിത അപകടം
2005ൽ എൻജിനീയറിങ്ങിനു പഠിക്കുമ്പോഴാണ് ബൈക്കപകടത്തിൽ സജേഷിന് ഇടതുകാൽ നഷ്ടമായത്. സുഹൃത്തിന്റെ കൂടെ ബൈക്കില്‍ സഞ്ചരിക്കുമ്പോൾ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ സജേഷിന്റെ ഇടതു കാല്പാദത്തിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി. ഇടതു കാല്പാദം മുറിച്ചുമാറ്റേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.
അവര്‍ ഒന്നുകൂടി പറഞ്ഞു, പാദം മുറിച്ചുമാറ്റിയാലും ജീവിതകാലം മുഴുവന്‍ ക്രച്ചസ് ഉപയോഗിക്കേണ്ടിവരും. കാല്‍മുട്ടിനു താഴെ മുറിച്ചുമാറ്റിയാല്‍ കൃത്രിമ കാല് പിടിപ്പിച്ചുനടക്കാം. ക്രച്ചസില്‍ ജീവിതകാലം മുഴുവന്‍ നടക്കുന്നതിനേക്കാള്‍ നല്ലത് കൃത്രിമ കാല് വെച്ച് ജീവിതം തിരിച്ചുപിടിക്കാമെന്ന ഉറച്ച തീരുമാനത്താല്‍ ഇടതുകാൽ മുട്ടിനുതാഴെവെച്ച് മുറിച്ചുമാറ്റി. മാസങ്ങളോളം ആശുപത്രിവാസം.
ക്രച്ചസില്‍ കൂട്ടുകാരുടെ സഹായത്തോടെ പരീക്ഷകള്‍ എഴുതി. 2008ല്‍ പഠനം പൂര്‍ത്തിയാക്കി. അതിനിടയില്‍ കോയമ്പത്തൂരില്‍ ജോലി ലഭിച്ചു. പിന്നിട് തോട്ടട ഐ.ടി.ഐയില്‍ ഗെസ്റ്റ് ലെക്ചററായി. അതിനിടയില്‍ ബംഗളൂരുവില്‍നിന്ന് കൃത്രിമ കാല്‍വെച്ചുപിടിപ്പിച്ചു.
ദ ചലഞ്ചിങ് വണ്‍സ്
കാർഗിൽ യോദ്ധാവും ഇന്ത്യയുടെ ബ്ലേഡ് റണ്ണറുമായ മേജർ ഡി.പി. സിങ് തുടക്കമിട്ട ‘ദ് ചലഞ്ചിങ് വൺസ്’ എന്ന ഫേസ്ബുക്ക് കൂട്ടായ്മ സജേഷിന്റെയും ഇടമായി. സജേഷിനെപ്പോലെ പല ഭാഗങ്ങളിലെ 1500ലേറെ പേരുടെ കൂട്ടായ്മയായിരുന്നു അത്. കൃത്രിമക്കാലുമായി മാരത്തണിൽ പങ്കെടുക്കുന്ന ചിലരുടെ വിഡിയോ അതിൽ കണ്ടതോടെ മാരത്തൺ ആയി സജേഷിന്റെ സ്വപ്നം.
2015ല്‍ കൊച്ചിയില്‍ നടന്ന സ്പൈസ് കോസ്റ്റ് മാരത്തണില്‍ പങ്കെടുക്കാന്‍ ഈ ഫേസ്ബുക്ക് കൂട്ടായ്മയിലെ 20 പേര്‍ക്ക് അവസരം ലഭിച്ചു. അതിലെ ഏക മലയാളിയായിരുന്നു സജേഷ്. ഈ ആവശ്യത്തിനാണ് പോകുന്നതെന്ന് വീട്ടില്‍ പറയാതെ കൊച്ചിയിലേക്ക് വണ്ടികയറി.
മാരത്തണില്‍ 48 മിനിറ്റുകൊണ്ട് അഞ്ച് കിലോമീറ്റര്‍ പൂര്‍ത്തിയാക്കി. കൃത്രിമ കാലുമായി മാരത്തണില്‍ പങ്കെടുക്കുന്ന മലയാളി എന്ന ചരിത്രത്തിലേക്കാണ് സജേഷ് അന്ന് ഓടിക്കയറിയത്. ആദ്യ മത്സരത്തില്‍ ആ സമയത്തിനുള്ളില്‍ അത്രദൂരം ഓടി എന്നത് വലിയ നേട്ടമായിരുന്നു. ആ മാരത്തണ്‍ നല്കിയ ആത്മവിശ്വാസം ലോകം കീഴടക്കിയതിന് തുല്യമായിരുന്നെന്ന് സജേഷ് പറയുന്നു.
പ്രതീക്ഷയോടെ മുന്നോട്ട്
പല മത്സരങ്ങളിലും സജേഷ് പങ്കെടുത്തു. 2016ല്‍ കോഴിക്കോട്ടും 2017ല്‍ കൊച്ചിയിലും മാരത്തണ്‍ മത്സരങ്ങളില്‍ പങ്കെടുത്തു. പക്ഷേ, ഇടക്ക് വീണ്ടും പരീക്ഷണങ്ങള്‍. മത്സരങ്ങളുടെ ആധിക്യം കൃത്രിമകാലിനെ തളര്‍ത്തി. ലക്ഷങ്ങള്‍ ചെലവാക്കി പലതവണ മാറ്റിവെച്ചു.
അതൊന്നും സജേഷിന്റെ ലക്ഷ്യത്തിന് തടസ്സമായില്ല. ആ സമയത്താണ് റണ്‍ ഫോര്‍ യുവര്‍ ലഗ്സ് എന്ന മാരത്തണില്‍ അതിഥിയായി പങ്കെടുക്കുന്നത്. ഇതിന്റെ സംഘാടകരായ വാസ്കുലര്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരള ഘടകം വേഗത്തില്‍ ഓടാന്‍ സാധിക്കുന്ന ബ്ലേഡ് ഫൂട്ട് സമ്മാനിച്ച് സജേഷിന്റെ ആഗ്രഹങ്ങളെ വീണ്ടും ട്രാക്കിലെത്തിച്ചു. കാര്‍ബണ്‍ ഫൈബറില്‍ നിര്‍മിച്ച ഈ ബ്ലേഡിന് ഭാരം കുറവാണ്. സജേഷിന്റെ വലിയൊരു ആഗ്രഹമായ ഈ ബ്ലേഡ് ഫൂട്ട് സ്വന്തമാക്കുക എന്നത് സഫലമായി. അതോടെ ട്രാക്കില്‍ വീണ്ടും സജീവമായി.
ഇന്ത്യന്‍ നേവല്‍ അക്കാദമി ഏഴിമലയില്‍ സംഘടിപ്പിച്ച ലാന്‍ഡ് ഓഫ് ലെജൻഡ് മാരത്തണിൽ അതിലെ ഒരു അംബാസഡറായി പങ്കെടുത്തു. അങ്ങനെ കേരളത്തിലെ ആദ്യത്തെ ബ്ലേഡ് റണ്ണറായി. തുടര്‍ന്ന് അഞ്ജു ബോബി ജോര്‍ജിനൊപ്പം ഗ്രീന്‍ പേരാവൂര്‍ മാരത്തണ്‍, ഐ.ഐ.എമ്മിന്റെ കാലിക്കറ്റ് മാരത്തണ്‍ തുടങ്ങി അഞ്ചിലധികം മത്സരങ്ങളില്‍ പങ്കെടുത്തു. നവംബര്‍ 11ന് കൊച്ചിയില്‍ സ്പെയിസ് കോസ്റ്റ് സംഘടിപ്പിച്ച ഹാഫ് മാരത്തണ്‍ മാറ്റൊരു ചരിത്രമായി. രണ്ട് മണിക്കൂര്‍ 50 മിനിറ്റുകൊണ്ടാണ് സജേഷ് 21.1 കിലോമീറ്റര്‍ ഓടിയെത്തിയത്.
ആംപ്യൂട്ട് ഫുട്ബാള്‍ ടീമിലേക്ക്
മാരത്തണ്‍ തന്റെ ഇഷ്ടമേഖലയായി കാണുമ്പോഴും മറ്റ് ഇനങ്ങളിലും സജേഷ് ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞു. ഫുട്ബാളിലും ബാഡ്മിന്റണിലും പരിശീലനം നടത്തുന്ന സജേഷിന് ഇന്ത്യയിലെ ആദ്യത്തെ പാരാ ആംപ്യൂട്ട് ഫുട്ബാള്‍ ടീമിലേക്ക് സെലക്ഷന് ലഭിച്ചു. ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്ന് രാജ്യത്തെ പ്രതിനിധാനം ചെയ്ത് മാരത്തണില്‍ പങ്കെടുക്കുക എന്നതായിരുന്നു.
സജേഷിന്റെ ഗുരു യുട്യൂബും പ്ലേസ്റ്റോറുമാണ്. പരിശീലനം സ്മാർട്ട് ഫോണിന്റെ സഹായത്തോടെയും. പ്ലേ സ്റ്റോറിൽനിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്തും യുട്യൂബിലെ വിഡിയോകൾ കണ്ടും പരിശീലനപാഠങ്ങൾ മനസ്സിലാക്കുന്നു. ബ്ലേഡ് ഫൂട്ട് ലഭിച്ചതിനുശേഷമാണ് പരിശീലനം കഠിനമാക്കിയത്. തന്നെപ്പോലുള്ള ആളുകളെ മാരത്തണുകളിൽ പങ്കെടുപ്പിക്കാനും ശ്രമിക്കുന്നുണ്ട്.
തടിയന്റമോൾ മലകയറ്റം സജേഷിന്റെ മനസ്സിൽ ഇന്നും അനുഭൂതി നിറഞ്ഞ യാത്രയായി നിലനിൽക്കുന്നുണ്ട്. സുഹൃത്തുക്കളോടൊപ്പം മഞ്ഞുമൂടിക്കിടക്കുന്ന കാപ്പിത്തോട്ടങ്ങളിലൂടെ നടന്ന് മൂന്നു മണിക്കൂറുകൊണ്ടാണ് ആറായിരം അടി ഉയരമുള്ള മലമുകളിലെത്തിയത്. പ്രകൃതിയെ തൊട്ടറിഞ്ഞ യാത്ര. മുക്കാൽ മണിക്കൂറോളം മലമുകളിൽ ചെലവഴിച്ചു. കയറുന്നതിനേക്കാൾ ബുദ്ധിമുട്ടായിരുന്നു ഇറക്കം.
ഓരോ ചുവടുവെപ്പും വളരെ ശ്രദ്ധയോടെയായിരുന്നു. ഒരു കാലിൽ ശരീരഭാരം നിയന്ത്രിച്ചുകൊണ്ടുള്ള ഇറക്കത്തിൽ പാറകൾ ഇളകിയിരിക്കുന്നതിനാൽ പലപ്പോഴും ചുവടുകൾ തെറ്റി. എങ്കിലും വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല. ഒടുവിൽ ജീവിതത്തിലെ ആദ്യത്തെ ട്രക്കിങ് പൂർത്തിയാക്കിയപ്പോൾ മനസ്സിൽ ലോകം കീഴടക്കിയ സന്തോഷമായിരുന്നു.
സ്വപ്നത്തിന്റെ പാതയിൽ
പുതിയൊരു സ്വപ്നത്തിന്റെ പാതയിലാണിപ്പോൾ ഈ യുവാവ്. എവറസ്റ്റിന്റെ ബേസ്മെന്റ് ക്യാമ്പുവരെ കയറണം. 5364 മീറ്റർ ഉയരത്തിലാണ് ബേസ്മെന്റ് ക്യാമ്പ്. രണ്ടു കാലുള്ളവനു തന്നെ അപ്രാപ്യമായി തോന്നുന്ന ആ ലക്ഷ്യത്തിനായി പരിശീലനം ഏറെ വേണം. ഇന്നോ നാളെയോ കഴിഞ്ഞില്ലെങ്കിലും കയറിയിരിക്കും എന്ന ആത്മവിശ്വാസമാണ് സജേഷിനുള്ളത്.
ലയൺസ് ഇന്റർനാഷനലിന്റെ 2019ലെ എക്സലൻസ് ഇൻ സ്പോർട്സ് എന്ന അവാർഡിനും സജേഷ് അർഹനായിരുന്നു. പിതാവ് കൃഷ്ണനും മാതാവ് സതിയും സഹോദരി സജ്നയും സഹോദരീഭർത്താവ് സാജനുമടങ്ങുന്നതാണ് സജേഷിന്റെ കുടുംബം. പിതാവ് കൃഷ്ണൻ ഏറെക്കാലം ഇറാഖിലും സൗദിയിലുമെല്ലാം കൺസ്ട്രക്ഷൻ സൂപ്പർവൈസറായിരുന്നു.
Kannur
എവിടെ കവ്വായിക്കായലിന്റെ രാംസർ സൈറ്റ് പദവി
പയ്യന്നൂർ: ഇന്ന് ലോക തണ്ണീർത്തട ദിനം. 1971ൽ ഇറാനിലെ രാംസറിൽ നടന്ന ലോക പരിസ്ഥിതി സമ്മേളനമാണ് ഫെബ്രുവരി രണ്ട് ലോക തണ്ണീർത്തട ദിനമായി പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര സൗഹൃദത്തിന്റെ അടയാളമായ ദേശാടന പക്ഷികൾ വിരുന്നെത്തുന്ന നീർത്തടങ്ങളെ രാംസർ സൈറ്റ് പദവി നൽകി സംരക്ഷിക്കാൻ സമ്മേളനം നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളുടെ ജല ഭക്ഷ്യ സുരക്ഷയെ സ്വാധീനിക്കുന്ന കവ്വായിക്കായലിനെ രാംസർ സൈറ്റ് പദവിയിലേക്ക് ഉയർത്താൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഒന്നര പതിറ്റാണ്ടു മുമ്പാരംഭിച്ച പദ്ധതി ഇപ്പോഴും ചുവപ്പു നാടയിൽ. മാധ്യമം വാർത്തയെ തുടർന്നാണ് നഗരസഭ ഇടപെട്ട് പ്രാരംഭ നടപടികൾ തുടങ്ങിയത്.വിവിധ സർക്കാർ ഏജൻസികൾ നടത്തിയ നീക്കമാണ് പ്രാരംഭ സർവേയിലും സെമിനാറിലുമൊതുങ്ങിയത്. ഇപ്പോൾ കായൽ കാണാൻ നിരവധി വിനോദ സഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും കായൽ സുരക്ഷ കടലാസിൽ മാത്രമൊതുങ്ങുകയാണ്.
മലനിരകളുടെ കാറ്റേറ്റ്, പച്ചത്തുരുത്തുകൾ കണ്ട് ഓളപ്പരപ്പിലൂടൊരു യാത്ര നടത്താൻ ഏറ്റവും പറ്റിയ ജലസമൃദ്ധിയാണ് കവ്വായി ക്കായൽ. എന്നാൽ വൃഷ്ടിപ്രദേശത്തെ ചെങ്കൽ, മണ്ണ് ഖനനവും മറ്റും കായലിനെ നശിപ്പിക്കുകയാണ്. ലോകസഞ്ചാര ഭൂപടത്തിലിടം പിടിച്ച കവ്വായിക്കായൽ നൽകുന്ന കാഴ്ചയുടെ ഉത്സവം അന്താരാഷ്ട്ര മാഗസിനുകൾ ഉൾപ്പെടെ അംഗീകരിച്ചതാണ്. ലോൺലി പ്ലാനറ്റ് മാസികയുടെ അഭിപ്രായപ്രകാരം കേരളത്തിൽ കാണേണ്ട അഞ്ചിടങ്ങളിൽ ഒന്നും ലോകത്തിലെ 20 സ്ഥലങ്ങളിൽ ഒന്നുമായി കവ്വായിക്കായൽ ഇടം കണ്ടു. കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായതോടെ സിംഗപ്പൂർ എയർലൈൻസിന്റെ ട്രാവൽ മാഗസിനിലും കവ്വായിയുടെ പേര് അടയാളപ്പെട്ടു.കായലും കടലും മലകളും തുരുത്തുകളുമൊക്കെ ചേർന്ന കവ്വായിക്കായൽ ഉത്തര കേരളത്തിലെ ഏറ്റവും വലിയ ജല സംഭരണിയാണ്. വടക്ക് നീലേശ്വരം മുതൽ തെക്ക് ചെമ്പല്ലിക്കുണ്ട് വരെ നീണ്ടു കിടക്കുന്ന കായലിന്റെ ജല ജൈവിക സമ്പന്നത ഏറെ പ്രസിദ്ധമാണ്. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള കുഞ്ഞിമംഗലത്തെ നീർത്തടങ്ങളും ചെമ്പല്ലിക്കുണ്ട്, കുണിയൻ തുടങ്ങിയ പക്ഷിസങ്കേതങ്ങളും ശ്രദ്ധേയമാണ്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം യാഥാർഥ്യമായതോടെ കായലിനെ അറിയാനും ആസ്വദിക്കാനുമായി നിരവധി വിനോദസഞ്ചാരികളാണ് അടുത്തകാലത്തായി ഇവിടെയെത്തുന്നത്.
ഉത്തര മലബാറിന്റെ ആലപ്പുഴയെന്ന് വിശേഷിക്കപ്പെടുന്ന കവ്വായിക്കായലിലേക്ക് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്നു കിലോമീറ്റർ മാത്രം ദൂരമേയുള്ളൂ. അറബിക്കടലിനു സമാന്തരമായി 21 കിലോ മീറ്റർ നീണ്ടു കിടക്കുന്ന ജലാശയമാണ് ലോക തണ്ണീർത്തട പദവിയായ രാംസർ സൈറ്റ് പട്ടികയിലിടം പിടിക്കാനുള്ള പ്രാഥമിക നടപടികളിൽ മാത്രമായി ഒതുങ്ങിയത്. കേരളത്തിൽ മലിനപ്പെടാത്ത ജലസമൃദ്ധി കൂടിയാണ് വടക്കൻ കേരളത്തിന്റെ ജലസമൃദ്ധിയായ ഈ കായൽ പ്രകൃതി സൗന്ദര്യത്തിനുമപ്പുറം ജലവിഭവങ്ങളുടെ സമൃദ്ധിയും, ദേശാടനക്കിളികളുടെ സന്ദർശനവും കായലിന് അന്താരാഷ്ട്ര പദവി ലഭിക്കുന്നതിനുള്ള പ്ലസ് പോയന്റുകളാണ്.പയ്യന്നൂരിന്റെയും ഉത്തരകേരളത്തിന്റെയും ചരിത്രവും കായലിന്റെ ജൈവസമ്പന്നതയും അറിഞ്ഞ് പച്ചോളങ്ങളിൽ തെന്നിയൊഴുകാൻ സഞ്ചാരികളെ മാടി വിളിക്കുന്ന കവ്വായിക്കായലിനെ വിനോദ സഞ്ചാര പദ്ധതിയിൽ മാത്രം തളച്ചിടാതെ പാരിസ്ഥിതിക പ്രാധാന്യം കൂടി നിലനിർത്തണമെന്ന ആവശ്യം ശക്തമാവുകയാണ്.
Kannur
കണ്ണൂർ റെയിൽവേ നടപ്പാലം പുനർനിർമിക്കണമെന്ന് ജില്ല വികസന സമിതി യോഗം
കണ്ണൂർ: പഴയ ബസ് സ്റ്റാൻഡിൽ നിന്ന് മുനീശ്വരൻ കോവിൽ ജങ്ഷൻ വരെ, കണ്ണൂരിന്റെ കിഴക്ക് ഭാഗത്തേയും പടിഞ്ഞാറ് ഭാഗത്തേയും ബന്ധിപ്പിക്കുന്ന റെയിൽവേ നടപ്പാലം പുനർനിർമിച്ച് ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന് ജില്ല വികസന സമിതി യോഗം റെയിൽവേയോട് ആവശ്യപ്പെട്ടു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് യോഗത്തിൽ ഇത് സംബന്ധിച്ച പ്രമേയമവതരിപ്പിച്ചത്. വർഷങ്ങളായി റെയിൽവേ പാളം മുറിച്ചുകടക്കാൻ കാൽനടക്കായി ഉപയോഗിക്കുന്ന നടപ്പാലം കാലപ്പഴക്കം മൂലം അടച്ചിട്ടിരിക്കുകയാണ്. ഇത് യാത്രക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വിഷയം സതേൺ റെയിൽവേ ഡിവിഷനൽ മാനേജരുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ജില്ല കലക്ടർ അറിയിച്ചു.സിവിൽ സ്റ്റേഷനിൽ ശൗചാലയ സമുച്ചയം സ്ഥാപിക്കുന്നതിന് കണ്ണൂർ എം.എൽ.എയുടെ പ്രാദേശിക വികസന നിധിയിൽനിന്ന് 30 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു. പദ്ധതിക്കായി 4.50 ലക്ഷം രൂപ വകയിരുത്തി എസ്റ്റിമേറ്റ് തയാറാക്കുന്നതായി കോർപറേഷനും അറിയിച്ചു.
2019-20 സംസ്ഥാന ബജറ്റിൽ ഫണ്ട് അനുവദിച്ച നടാൽ പാലത്തിന്റെ നിർമാണ സ്ഥലത്ത് കണ്ടൽ ചെടികൾ ഉള്ളതിനാൽ വനം വകുപ്പിന്റെ അനുമതിക്കായി 83,689 രൂപ പൊതുമരാമത്ത് വകുപ്പ് മുഖേന അടക്കേണ്ട സാഹചര്യത്തിൽ, മുൻകൂർ കൈവശാവകാശം നൽകുന്ന കാര്യം പരിഗണിക്കാൻ വനം വകുപ്പിന് മന്ത്രി നിർദേശം നൽകി.അപകടാവസ്ഥയിലുള്ള മാഹി പാലത്തിന് പകരമായി പാലം നിർമിക്കുന്നതിന് 10 ലക്ഷത്തിന്റെ ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റിന് ഭരണാനുമതി ജനുവരി 14നും സാങ്കേതികാനുമതി 30നും ലഭിച്ചതായും അടുത്തായാഴ്ച ഇതിന്റെ ടെൻഡർ നടപടി തുടങ്ങുമെന്നും പൊതുമരാമത്ത് (ദേശീയപാത) വകുപ്പ് അറിയിച്ചു. ദേശീയപാതയുടെ കീഴിലുള്ള പുതിയതെരു റോഡിലെ കുഴികളുടെ അറ്റകുറ്റപണി നടന്നു വരുന്നതായും രണ്ടുദിവസത്തിനകം തീർക്കുമെന്നും കരാറുകാരായ വിശ്വസമുദ്ര അറിയിച്ചു.ആറളം ആദിവാസി പുനരധിവാസ മേഖലയിൽ ഭൂമി അനുവദിച്ച് സ്ഥിരതാമസമല്ലാത്തവരുടെ ഭൂമി ഏറ്റെടുത്ത് പുതിയ കുടുംബങ്ങൾക്ക് നൽകുന്നതിനായി 137 പേർക്ക് ഒരാഴ്ചക്കകം നറുക്കെടുപ്പ് നടത്തി പട്ടയം തയാറാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പ്രൊജക്ട് ഓഫിസർ അറിയിച്ചു.
വെള്ളം കയറുന്നതിന് പരിഹാരം കാണുംപെട്ടിപ്പാലം, പുന്നോൽ, മാക്കൂട്ടം മേഖലകളിൽ കള്ളക്കടൽ പ്രതിഭാസം മൂലം വെള്ളം കയറുന്ന പ്രശ്നത്തിന്റെ പരിഹാരത്തിനായി നാഷനൽ ഡിസാസ്റ്റർ മിറ്റിഗേഷൻ ഫണ്ടിൽ ഉൾപ്പെടുത്തിയ പ്രൊപോസൽ കെ.എസ്.ഡി.എം.എ വഴിയും ഹോട്ട് സ്പോട്ട് ഏരിയയിൽ ഉൾപ്പെടുന്ന പ്രവൃത്തി എഡിബി ഫണ്ടിങ്ങിന് വേണ്ടിയും സമർപ്പിച്ചിട്ടുണ്ട്. എ.ഡി.ബി ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് എ.ഡി.ബി മിഷൻ എക്കോളജിക്കൽ ടീം മേധാവി ജനുവരി ഏഴിന് പെട്ടിപ്പാലം, പുന്നോൽ, മാക്കൂട്ടം എന്നീ ഹോട്ട് സ്പോട്ട് മേഖലകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
എ.ഡി.ബി ഫണ്ടിങ്ങിനുള്ള ഒന്നാം ഘട്ട പട്ടികയിൽ തലശ്ശേരി ഉൾപ്പെട്ടിട്ടുണ്ട്. മാർച്ചോടെ ഡിസൈനാവും. തലായി ഫിഷറീസ് ഹാർബറിന്റെ തെക്ക് വശം മാക്കൂട്ടം പുന്നോൽ ഭാഗത്തായി നിലവിൽ നാല് ഗ്രോയിനുകൾ നിർമിച്ചതായും, നിലവിലുള്ളവയുടെ നീളം വർധിപ്പിക്കുന്നതിനും, പുതിയ നിർമാണത്തിനുമായുള്ള പ്രൊപോസലുകൾ വാർഷിക പദ്ധതിയിൽ സമർപ്പിച്ചതായും ഹാർബർ എൻജിനീയറിങ് എക്സിക്യൂട്ടിവ് എൻജിനീയർ റിപ്പോർട്ട് ചെയ്തു. ഫണ്ട് ലഭ്യമാകുന്ന മുറക്ക് പ്രവൃത്തി തുടങ്ങും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനകത്ത് പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ കത്തിക്കുന്നതായി പരിസരവാസികളുടെ പരാതിയുള്ളതായി മട്ടന്നൂർ നഗരസഭ അധ്യക്ഷൻ എൻ. ഷാജിത്ത് അറിയിച്ചു. സ്ഥല പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡിന് കലക്ടർ നിർദേശം നൽകി.
തലശ്ശേരി ജനറൽ ആശുപത്രിയുടെ വാട്ടർ ടാങ്ക്, കാഷ്വാലിറ്റി ബ്ലോക്ക്, ലിഫ്റ്റ് മുതലായവയുടെ നിർമാണത്തിന് അനുമതി ലഭ്യമാകുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നുള്ള ഷാഫി പറമ്പിൽ എം.പിയുടെ പ്രതിനിധി ആവശ്യപ്പെട്ടു.
Kannur
ആദിതാളം ട്രൈബൽ ജില്ലാ കലോത്സവം ശ്രദ്ധേയമായി
തദ്ദേശീയ മേഖലയിലെ കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തുന്നതിനും തനത് കലകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള ആദിതാളം ട്രൈബൽ ജില്ലാ കലോത്സവം ശ്രദ്ധേയമായി. ശ്രീകണ്ഠാപുരം പൊടിക്കളം മേരിഗിരി ഹയർ സെക്കൻഡറി സ്കൂളിൽ അഡ്വ. സജീവ് ജോസഫ് എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠാപുരം നഗരസഭ ചെയർപേഴ്സൺ ഡോ. കെ.വി ഫിലോമിന ടീച്ചർ അധ്യക്ഷയായി.ജില്ലയിലെ 29 സി.ഡി.എസുകളിലെ ബാലസഭകളിൽ നിന്നായി മൂന്നൂറിലധികം കുട്ടികളാണ് മേളയിൽ പങ്കെടുത്തത്. നാടൻപാട്ട്, നാടോടി നൃത്തം, കോൽക്കളി, ലളിതഗാനം, കവിത പാരായണം, പ്രസംഗം, മിമിക്രി, മോണോ ആക്ട്, സിനിമാറ്റിക് ഡാൻസ്, ചിത്ര രചന പെൻസിൽ, ജലച്ചായം, കവിത രചന കഥ രചന, ക്ലേ മോഡലിങ്, കരകൗശല മത്സരം തുടങ്ങിയ മത്സരങ്ങളാണ് നഗരത്തിലെ അഞ്ച് വേദികളിലായി സംഘടിപ്പിച്ചത്.
കലാമത്സരങ്ങൾക്കൊപ്പം തനത് കലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കൊക്ക മാന്തിക്കളി, പുനംകുത്ത് പാട്ട്, മംഗലം കളി, സീതക്കളി, ഉപകരണ സംഗീതത്തിൽ തുടി, ചീനി എന്നിവയും അരങ്ങേറി.ശ്രീകണ്ഠപുരം നഗരസഭ വൈസ് ചെയർമാൻ കെ ശിവദാസൻ, സ്ഥിരം സമിതി അധ്യക്ഷരായ പി.പി ചന്ദ്രാംഗദൻ മാസ്റ്റർ, ജോസഫീന ടീച്ചർ, വി.പി നസീമ, ത്രേസ്യാമ്മ മാത്യു, കെ.സി ജോസഫ് കൊന്നക്കൽ, കൗൺസിലർമാരായ വിജിൽ മോഹൻ, കെ.വി ഗീത, ടി, ആർ നാരായണൻ, ബിജു പുതുശ്ശേരി, നഗരസഭ സെക്രട്ടറി ടി.വി നാരായണൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം വി ജയൻ, സി.ഡി.എസ് ചെയർപേഴ്സൺ എ ഓമന, മെമ്പർ സെക്രട്ടറി പി. പ്രേമരാജൻ, പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ സ്കൂൾ ബ്രദർ. ഡോ. റെജി സ്കറിയ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു