നിറയുത്സവത്തിന് നാടൊരുങ്ങി, പാലക്കാട്ടു നിന്ന് നെൽക്കതിരെത്തിച്ചു ക്ഷേത്രങ്ങൾ

പയ്യന്നൂർ : കാർഷിക സംസ്കൃതിയുടെ ഗതകാലസ്മരണകളുമായി നിറയുത്സവത്തിനു നാടൊരുങ്ങി. ഇന്ന് മുതൽ ക്ഷേത്രങ്ങളിലും തറവാടുകളിലും നെൽക്കതിർ കയറ്റി നിറയുത്സവം ആഘോഷിക്കും. കർക്കടക വാവിനു ഗ്രാമ ക്ഷേത്രങ്ങളിൽ അതത് പ്രദേശത്തെ ജന്മ കണിശന്മാർ കൽപിച്ച മുഹൂർത്തത്തിൽ ഓരോയിടങ്ങളിലും നിറയുത്സവം നടക്കുക.
വട്ടപ്പലം, ആൽ, മാവ്, പ്ലാവ്, നെല്ലി, കായൽ, വെള്ളിയില, അരയാൽ, സൂത്രവള്ളി, പൊലുവള്ളി, കാഞ്ഞിരം എന്നിവയുടെ ഇലകൾ തെങ്ങിന്റെ പാന്തത്തിൽ ചുറ്റിക്കെട്ടി നിറയോലമുണ്ടാക്കി അതിൽ മുഹൂർത്ത സമയത്ത് നെൽക്കതിർ ചേർത്ത് പൂജാമുറി ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളിൽ കെട്ടുകയാണ് പതിവ്.
ക്ഷേത്രങ്ങളിൽ നെൽക്കതിർ കറ്റകളും നിറയോലവും മുഹൂർത്ത സമയത്ത് മേൽശാന്തി പൂജ ചെയ്ത ശേഷമാണു ശ്രീകോവിനകത്തും മറ്റും നിറയോലം കെട്ടുക. മേൽശാന്തി പൂജിച്ച നെൽക്കതിർ ക്ഷേത്രങ്ങളിൽ നിന്ന് സ്വീകരിച്ച് വീടുകളിൽ എത്തിക്കുന്ന പതിവിലേക്ക് വീടുകളിലെ നിറയുത്സവം ചുരുങ്ങിയിട്ടുണ്ട്.
മേടം വിഷുപ്പുലരിയിൽ വയലുകളിൽ വിത്തിറക്കി കർക്കടകത്തിലെ നിറയുത്സവത്തിന് നെൽക്കതിർ ശേഖരിക്കുന്ന പഴയകാലരീതി ഇല്ലാതായി. ഇത്തവണ മഴ വൈകിയതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ആവശ്യത്തിന് നെൽക്കതിർ കിട്ടാനില്ല.
പല ക്ഷേത്രങ്ങളും പാലക്കാട് ജില്ലയിൽ നിന്നാണ് നെൽക്കതിർ കറ്റകൾ കൊണ്ടുവന്നത്. പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും ഈ ക്ഷേത്രപരിധിയിലെ തറവാടുകളിലും ക്ഷേത്രങ്ങളിലും ഇന്ന് നിറയുത്സവം നടക്കും. തളിപ്പറമ്പ് രാജരാജേശ്വ ക്ഷേത്രത്തിൽ 28നും മാടായിക്കാവിൽ ഓഗസ്റ്റ് 6നുമാണ് നിറയുത്സവം.