വടക്കേ മലബാറിന്റെ ടൂറിസം വികസനം: സംരംഭകരെ കോർത്തിണക്കി നോംടോ

കണ്ണൂർ : ഉത്തര മലബാറിന്റെ സമഗ്ര ടൂറിസം വികസനം ലക്ഷ്യമാക്കി നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ രൂപീകരിച്ച നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷന്റെ (നോംടോ) പ്രവർത്തനം തുടങ്ങി.
വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് കണ്ണൂർ, കാസർകോട് ജില്ലകളിൽ പ്രവർത്തിക്കുന്ന മുഴുവൻ സംരംഭകരെ ഒരു കുടക്കീഴിൽ കൊണ്ടുവന്നു സഞ്ചാരികളെ ആകർഷിക്കുകയാണു ലക്ഷ്യം. ഇതിനായി ഒക്ടോബർ 17, 18 തീയതികളിൽ നോർത്ത് മലബാർ ട്രാവൽ ബസാർ സംഘടിപ്പിക്കും.
ഓർഗനൈസേഷന്റെ ലോഗോ സ്പീക്കർ എ.എൻ.ഷംസീർ അനാവരണം ചെയ്തു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ എന്നിവർ മുഖ്യാതിഥികളായിരുന്നു. ചേംബർ പ്രസിഡന്റ് ടി.കെ.രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലയിലെ ടൂറിസം സംരംഭകരെ ഉൾപ്പെടുത്തി ടൂറിസം ട്രേഡ് മീറ്റും സംഘടിപ്പിച്ചിരുന്നു. കാസർകോട് ജില്ലയിലെ സംരംഭകർക്കായുള്ള ട്രേഡ് മീറ്റ് ഇന്ന് 4ന് പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ നടക്കും.
നോംടോ ചീഫ് ടൂറിസം കൺസൽറ്റന്റും ടൂറിസം വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടറുമായ പ്രശാന്ത് വാസുദേവ് വിഷയാവതരണം നടത്തി. ചേംബർ ഹോണററി സെക്രട്ടറി സി.അനിൽ കുമാർ, ബി.ആർ.ഡി.സി എം.ഡി ഷിജിൻ, നോംടോ വൈസ് പ്രസിഡന്റ് ടി.വി.മധുകുമാർ, ജോയിന്റ് സെക്രട്ടറി പി.പി.മുകുന്ദൻ, സി.ജിതേന്ദ്ര, ഇ.വി.ഹാരിസ്, രത്നദാസ്, ഡോ. എ.രാമചന്ദ്രൻ, സന്തോഷ് കുമാർ, റിയാസ് കൊറ്റാളി, ദിനേശൻ, ഡോ.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ഗുരുക്കൾ എന്നിവർ പ്രസംഗിച്ചു.