അയ്യങ്കുന്ന് ഏഴാംകടവിൽ പിറക്കും വൈദ്യുത തരംഗങ്ങൾ

ഇരിട്ടി : ‘വൈദ്യുതി ഉൽപ്പാദനം’ എന്ന ആശയത്തിന്റെ സ്‌പാർക്കുമായാണ് മൂന്ന് യുവാക്കൾ അയ്യങ്കുന്ന് പഞ്ചായത്തിലെ ഏഴാംകടവിലെത്തിയത്. ഈ ഉദ്യമത്തിനായി ഇലക്‌ട്രിക്കൽ എൻജിനിയർമാരായ ആലപ്പുഴയിലെ രോഹിത് ഗോവിന്ദിനും പേരാവൂരിലെ വിജേഷ് സാം സനൂപിനും എറണാകുളത്തെ മെക്കാനിക്കൽ എൻജിനിയർ ജിത്ത് ജോർജിനും കരുത്ത്, കാലങ്ങളായി കൂട്ടിവച്ച സ്വപ്‌നങ്ങളായിരുന്നു. ആദ്യ ചുവടുവയ്‌പായി ഏഴാംകടവിൽ മിനി വൈദ്യുതിനിലയത്തിന്റെ നിർമാണത്തിന് കഴിഞ്ഞവർഷം അവർ തുടക്കവുമിട്ടു. 350 കിലോവാട്ട് ശേഷിയുള്ള നിലയം വൈദ്യുതി ബോർഡുമായുണ്ടാക്കിയ ധാരണ പ്രകാരമാണ് നിർമിക്കുന്നത്. പ്രതിദിനം ആയിരം മുതൽ എട്ടായിരം യൂണിറ്റ് വരെ വൈദ്യുതി കെ.എസ്.ഇ.ബി.ക്ക് കൈമാറുന്നതിനൊപ്പം ജില്ലയിൽ ആദ്യത്തെ സ്വകാര്യ മിനി വൈദ്യുതി നിലയമെന്ന ചരിത്രം കുറിക്കാനുമുള്ള പുറപ്പാടിലാണ് മൂവരും.
ദ്രുതഗതിയിൽ പ്രവൃത്തി
ഏഴാംകടവിൽ മലമടക്കിൽ വാങ്ങിയ ഒരേക്കർ സ്ഥലത്താണ് മിനി വൈദ്യുതി നിലയം ഒരുങ്ങുന്നത്. ഏറെ ഗൃഹപാഠം ചെയ്തും ശാസ്‌ത്രീയമായും പദ്ധതി റിപ്പോർട്ട് തയ്യാറാക്കി, ബാങ്ക് വായ്പ എടുത്തുമാണ് നിർമാണം. പവർഹൗസ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി. രണ്ട് ജനറേറ്ററുകളും ഇതര യന്ത്രസാമഗ്രികളും സ്ഥാപിക്കുന്ന പ്രവൃത്തിയും പുരോഗമിക്കുന്നു. മൂന്നരക്കോടി രൂപ മുതൽമുടക്കിൽ നിർമിക്കുന്ന നിലയം ആഗസ്‌തിൽ കമീഷൻ ചെയ്യാനുള്ള ശ്രമത്തിലാണ്.
ജില്ലയിലെ ആദ്യത്തെ മിനി ജലവൈദ്യുതി നിലയം ബാരാപോളിൽ കെ.എസ്.ഇ.ബി.ക്ക് സ്വന്തമായുണ്ട്. ബാരാപോളിന്റെ കുഞ്ഞുരൂപമാണ് ഏഴാംകടവിൽ യാഥാർഥ്യമാകുന്നത്. കുറഞ്ഞ ചെലവിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ പുതിയ സംരംഭകർക്കുള്ള പാഠപുസ്തകമാവുകയാണ് ഈ സംരംഭം.