ഇരിക്കൂർ : വികസനത്തിന്റെ പടവുകളിൽ പുതുചരിത്രം കുറിക്കൊനൊരുങ്ങി ഇരിക്കൂർ താലൂക്ക് ആസ്പത്രി. മലയോര മേഖലയിലെ ആതുര ശുശ്രൂഷാ രംഗത്ത് കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ് ഈ ആസ്പത്രി. താലൂക്ക് ആസ്പത്രിയായി മാറ്റുന്നതിന് നേരത്തെ ഉത്തരവായെങ്കിലും പ്രാഥമിക നടപടി മാത്രമാണ് പൂർത്തിയായത്. 2023ൽ ബ്ലോക്ക് പഞ്ചായത്ത് നിയന്ത്രണത്തിലായതോടെ അടിസ്ഥാന സൗകര്യ വിപുലീകരണത്തിന് ഉൾപ്പെടെ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്‌തത്.
വരുന്നത് 12.38 കോടിയുടെ നിർമാണ പ്രവൃത്തി
ആസ്പത്രി വികസനത്തിന് നബാർഡ് 11.38 കോടി രൂപയും നാഷണൽ ഹെൽത്ത് മിഷൻ ഒരുകോടിയും അനുവദിച്ചിട്ടുണ്ട്. നബാർഡിന്റെ 11.38 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന കെട്ടിടത്തിൽ അനുബന്ധ സജ്ജീകരണങ്ങൾ ഒരുക്കും. ഒ.പി.ക്ക് പുറമെ വാർഡും ഫാർമസിയും ലാബും ഉൾപ്പെടെയുള്ള സജ്ജീകരണമാണ് ഉണ്ടാക്കുക. ഇപ്പോൾ നിർമിക്കുന്ന രണ്ടുനില കെട്ടിടത്തിൽ ഫണ്ട് ലഭ്യമാകുന്ന മുറക്ക് മുകളിലും നിലകൾ പണിയും. താലൂക്ക് ആസ്പത്രിയുടെ നിലവാരത്തിലേക്ക് ഉയർത്തുന്നതിന് മതിയായ കെട്ടിടങ്ങളും അനുബന്ധ ബ്ലോക്കുകളും നിർമിക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചു. നാഷണൽ ഹെൽത്ത് മിഷന്റെ ഒരു കോടി രൂപയുടെ പ്രവൃത്തികളുടെ പ്രാരംഭ നടപടി പൂർത്തിയായി.
പരിമിതികൾ മറികടക്കും
സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പദവിയിലാണ് ഇപ്പോഴും ആസ്പത്രിയുള്ളത്. മെഡിക്കൽ സൂപ്രണ്ട് തസ്‌തിക ഉടൻ ലഭ്യമാകും. ഇതോടെ എം.ഡി, ഇ.എൻ.ടി ഉൾപ്പെടെയുള്ള നിരവധി വിഭാഗങ്ങളും അനുവദിക്കും. നിലവിൽ നാല് അസിസ്റ്റന്റ് സർജൻ, നാല് ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, ഒരു ജൂനിയർ പിഡിയാട്രീഷൻ, ഒരു ജൂനിയർ ഗൈനക്കോളജി, ദന്തൽ സർജൻ എന്നിങ്ങനെയാണ് ഡോക്ടർമാരുടെ എണ്ണം. ലാബ്, ഫാർമസി, ജീവിതശൈലി രോഗങ്ങളുടെ ഒ.പി, മാനസികാരോഗ്യ ക്ലിനിക്, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സേവനങ്ങളും ലഭ്യമാണ്. ആസ്പത്രിക്ക് കീഴിൽ പെരുവളത്തുപറമ്പ്, പട്ടുവം സബ് സെന്ററുകളും പ്രവർത്തിക്കുന്നു. പെരുവളത്തുപറമ്പ് സെന്റർ വെൽനെസ് സെന്ററായി ഉയർത്തി.
അടിസ്ഥാന സൗകര്യം വിപുലമാവും
ആസ്പത്രിയുടെ പുതിയ കെട്ടിട നിർമാണം പൂർത്തിയാകുമ്പോൾ അടിസ്ഥാന സൗകര്യം വിപുലീകരിക്കപ്പെടും. സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ഉദ്യോഗസ്ഥരുടെ എണ്ണമാണ് ഇപ്പോഴുള്ളത്. അടിസ്ഥാന സൗകര്യം ഉണ്ടാകുന്നതോടെ ജീവനക്കാരുടെ എണ്ണത്തിലും വർധനയുണ്ടാകും.
കൂടതൽ സൗകര്യം ഒരുക്കും
ഇരിക്കൂർ താലൂക്ക് ആസ്പത്രി ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തിട്ട് മൂന്നുമാസം മാത്രമാണായത്. രാത്രികാല ഒ.പിയും കാഷ്വാലിറ്റിയും ഫാർമസിയും സജ്ജീകരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ ബ്ലോക്ക് പഞ്ചായത്ത് നടത്തുന്നത്.