ഡോക്ടർമാരില്ലാതെ തളിപ്പറമ്പ് താലൂക്ക് ആശുപത്രി

തളിപ്പറമ്പ് : താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിനു ഡോക്ടർമാർ ഇല്ലാത്തതു ദുരിതമാകുന്നു. പനി ഉൾപ്പെടെയുള്ള രോഗങ്ങൾ പകരുമ്പോൾ ഉച്ച കഴിഞ്ഞാൽ ഒരു ഡോക്ടർ മാത്രമാണ് ഒപിയിൽ ഉള്ളത്. നൂറുകണക്കിന് രോഗികളെയാണ് ഒരു ഡോക്ടർ തനിച്ച് പരിശോധിക്കേണ്ടത്.
ഇതിനിടയിൽ അടിയന്തര സംഭവങ്ങൾ വന്നാൽ അതും പരിശോധിക്കണം. ഇന്നലെ 17 പേരെയാണ് നായ കടിച്ച് ആശുപത്രിയിൽ എത്തിച്ചത്. താലൂക്ക് ആശുപത്രിയിൽ ഉള്ള 13 ഡോക്ടർമാർക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു.
ഇതിൽ 12 പേർ പുതിയ സ്ഥലങ്ങളിലേക്ക് പോയപ്പോൾ പകരമായി എത്തിയവരിൽ 4 ഡോക്ടർമാർ ഇവിടെ എത്തി ചുമതലയേറ്റ ഉടനെ അവധിയിൽ പോയിരിക്കുകയാണ്.
നെഞ്ച് രോഗ വിഭാഗത്തിൽ ഇപ്പോൾ ഡോക്ടർ ഇല്ലാത്ത അവസ്ഥയാണ്. ഇവിടെയുണ്ടായിരുന്ന ഡോക്ടർക്ക് സ്ഥലം മാറ്റം ലഭിച്ചപ്പോൾ കോട്ടയം സ്വദേശിയായ ഡോക്ടർക്കാണ് പകരം ചുമതല നൽകിയത്.
ഇവർ എത്തിയ ഉടനെ അവധിയിൽ പോവുകയായിരുന്നു. ഗൈനക്ക് വിഭാഗത്തിൽ കഴിഞ്ഞ ദിവസമാണ് ഡോക്ടർമാർ ചുമതലയേറ്റത്. ഉച്ച കഴിഞ്ഞാൽ ഒപിയിൽ ആവശ്യത്തിനു ഡോക്ടർമാർ ഇല്ലാത്തതാണ് ഏറ്റവും ദുരിതമായിരിക്കുന്നത്.
പനി ബാധിച്ചും മറ്റും അവശരായി എത്തുന്നവർ മണിക്കൂറുകളോളം തന്നെ ക്യൂവിൽ നിൽക്കേണ്ട അവസ്ഥയാണ്. ഇവിടെ താൽക്കാലിക നിയമനത്തിലൂടെയെങ്കിലും ഡോക്ടർമാരെ നിയമിക്കണമെന്നാണ് ആവശ്യം.