കോർപറേഷൻ അവഗണന: ഭൂരഹിതർക്ക് വീടെന്ന സ്വപ്‌നം ഇനിയും അകലെ

കണ്ണൂർ : കോർപറേഷൻ പരിധിയിലെ ഭൂരഹിതർ വീണ്ടും ലൈഫ് മിഷൻ പദ്ധതിക്ക് പുറത്ത്. വീടില്ലാത്തവർക്ക് വീട് വയ്‌ക്കാൻ പൊന്നിൻ വിലയ്‌ക്ക് ഭൂമി ഏറ്റെടുക്കുന്ന പദ്ധതി ഒഴിവാക്കാൻ വെള്ളിയാഴ്‌ച ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു. പട്ടികജാതി വിഭാഗത്തിന് വീട് നിർമിക്കാൻ ഭൂമി വാങ്ങുന്ന പദ്ധതിയും ഒഴിവാക്കി. എൽ.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചെങ്കിലും പ്രായോഗികമല്ലെന്ന വാദമാണ് മേയർ ഉന്നയിച്ചത്. ഇതോടെ കോർപറേഷൻ പരിധിയിലെ താമസക്കാരായ ഭൂരഹിതർക്ക് വീടെന്ന സ്വപ്‌നം വീണ്ടും അകലെയായി.
സർക്കാർ ഉത്തരവ് പ്രകാരം മാറ്റം വരുത്തേണ്ടതും പുതിയതായി കൂട്ടിച്ചേർക്കേണ്ടതും ഒഴിവാക്കേണ്ടതുമായ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാനാണ് വെള്ളിയാഴ്‌ച അടിയന്തര കൗൺസിൽ വിളിച്ചത്. സർക്കാർ ഉത്തരവ് പ്രകാരം കോർപറേഷൻ പരിധിക്ക് പുറത്ത് സ്ഥലമുള്ളവരെയും ലൈഫ്‌മിഷനിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതായി മേയർ ടി.ഒ. മോഹനൻ പറഞ്ഞു. എന്നാൽ ഭൂരഹിതർക്കും പട്ടികജാതി വിഭാഗക്കാർക്കും വീട് നിർമിക്കാൻ സ്ഥലമേറ്റെടുക്കുന്ന പദ്ധതി പാടെ ഉപേക്ഷിക്കുന്നതായാണ് മേയർ അറിയിച്ചത്.
വെട്ടിക്കുറച്ച പദ്ധതികൾ റിവിഷൻ സമയത്ത് പരിഗണിക്കുമെന്ന ഉറപ്പ് മേയർ പാലിച്ചില്ലെന്ന് എൽ.ഡി.എഫ് കൗൺസിലർ എൻ. ഉഷ പറഞ്ഞു. ഫണ്ട് ലഭ്യതയ്‌ക്കനുസരിച്ചുമാത്രം പദ്ധതി അനുവദിക്കുമെന്ന് പറഞ്ഞ് മേയർ ഒഴിഞ്ഞുമാറി. എൽ.ഡി.എഫ് പാർലമെന്ററി പാർടി സെക്രട്ടറി എൻ. സുകന്യ ആവശ്യപ്പെട്ടതിനെ തുടർന്ന് മണിപ്പൂർ വിഷയത്തിൽ കൗൺസിൽ ഐക്യകണ്ഠ്യേന പ്രമേയം പാസാക്കി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.