വയനാട് മെഡിക്കല്‍ കോളജില്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ എം.ബി.ബി.എസ് ക്ലാസ് ആരംഭിക്കാനുള്ള സൗകര്യങ്ങളൊരുക്കാന്‍ നിര്‍ദേശം

Share our post

വയനാട്: മെഡിക്കല്‍ കോളജില്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ എം.ബി.ബി.എസ് ക്ലാസ് ആരംഭിക്കാനുള്ള സൗകര്യങ്ങളൊരുക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി.

നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ സമയബന്ധിതമായി പരിഹരിക്കേണ്ടതാണ്. 100 എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിനായുള്ള എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് നല്‍കിയിരുന്നു.

കേരള ആരോഗ്യ സര്‍വ്വകലാശാല പരിശോധന നടത്തി അംഗീകാരം ലഭ്യമാക്കിയിട്ടുണ്ട്. 2024ലെ അഡ്മിഷന്‍ നടത്താനായി ആദ്യ വര്‍ഷ ക്ലാസുകള്‍ക്കുള്ള സൗകര്യങ്ങളൊരുക്കി എന്‍.എം.സി.യുടെ അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

വയനാട് മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാക്കുന്നതിനായി സെക്രട്ടറിയേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

ജില്ലാ ആശുപത്രിയില്‍ സജ്ജമാക്കിയ ആറുനില കെട്ടിടത്തില്‍ ആദ്യ വര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിന് വേണ്ട ക്രമീകരണങ്ങളൊരുക്കണം.

മാനന്തവാടി താലൂക്കില്‍ തലപ്പുഴ ബോയ്സ് ടൗണില്‍ മെഡിക്കല്‍ കോളജിന് വേണ്ടി പ്രഖ്യാപിച്ച ആരോഗ്യ വകുപ്പിന്റെ കൈവശമുള്ള 65 ഏക്കര്‍ ഭൂമിയുമായി ബന്ധപ്പെട്ട കോടതി വ്യവഹാരമാണ് കെട്ടിട നിര്‍മ്മാണം ആരംഭിക്കുന്നതിന് കാലതാമസമുണ്ടായത്.

അടിയന്തരമായി കോടതിയുടെ അനുമതി തേടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.

കൂടാതെ ജില്ലാ ആശുപത്രിയ്ക്ക് സമീപം ഏറ്റെടുക്കാന്‍ പറ്റുന്ന സ്ഥലങ്ങള്‍ കണ്ടെത്താന്‍ നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

സര്‍ക്കാര്‍ തലത്തില്‍ 5 നഴ്സിംഗ് കോളജുകള്‍ക്ക് തത്വത്തില്‍ അനുമതി നല്‍കിയതില്‍ വയനാടും ഉള്‍പ്പെട്ടിട്ടുണ്ട്. അതിനാവശ്യമായ സജ്ജീകരണങ്ങളൊരുക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!