കുട്ടികളിലെ അമിത ഫോൺ ഉപയോഗം തടയാൻ ഡി-ഡാഡ്‌

Share our post

കണ്ണൂർ :കുട്ടികളിലെ അമിത ഫോൺ ഉപയോഗം തടയാൻ ഊർജിത പ്രവർത്തനങ്ങളുമായി പൊലീസിന്റെ ഡിജിറ്റൽ ഡീ അഡിക്ഷൻ സെന്റർ. സോഷ്യൽ പൊലീസിങ്‌ ഡിവിഷന്റെ ഡി-ഡാഡ്‌ എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന പദ്ധതി കഴിഞ്ഞ മാർച്ചിലാണ്‌ ആരംഭിച്ചത്‌.

ഡിജിറ്റൽ ആസക്തി മാറ്റുകയും സുരക്ഷിത ഇന്റർനെറ്റ്‌ ഉപയോഗം പഠിപ്പിക്കുകയും ആണ്‌ ലക്ഷ്യം. പ്രവർത്തനം തുടങ്ങി നാല്‌ മാസം പിന്നിടുമ്പോൾ നിരവധി രക്ഷിതാക്കളാണ്‌ കണ്ണൂർ വനിതാ സെല്ലിന്‌ സമീപത്തെ ഡി-ഡാഡ്‌ കേന്ദ്രത്തിൽ സേവനം തേടിയെത്തിയത്‌.

സംസ്ഥാനത്ത്‌ കണ്ണൂർ, കോഴിക്കോട്‌, തൃശൂർ, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ്‌ ഡി-ഡാഡ്‌ സെന്ററുകൾ തുറന്നത്‌. ശാസ്‌ത്രീയമായ കൗൺസിലിങ്ങിലൂടെ ഡിജിറ്റൽ ആസക്തിയിൽ നിന്ന്‌ കുട്ടികളെ മോചിപ്പിക്കുന്ന പ്രവർത്തനത്തിലാണ്‌ പദ്ധതി കേന്ദ്രീകരിക്കുന്നത്‌.

ഓൺലൈൻ ഗെയിം, സമൂഹ മാധ്യമങ്ങൾ, അശ്ലീല വെബ്‌സൈറ്റുകൾ തുടങ്ങിയവയ്‌ക്ക്‌ അടിപ്പെടുന്നതും സൈബർ തട്ടിപ്പുകളിൽ പണം നഷ്ടപ്പെടുന്നതും തടയാനുള്ള ബോധവൽക്കരണമാണ്‌ നൽകുന്നത്‌.

18 വയസ് വരെ ഉള്ളവർക്ക്‌ രക്ഷിതാക്കളുമായി എത്തി ഡി-ഡാഡിന്റെ സേവനം തേടാം. ദിവസവും രാവിലെ പത്ത് മുതൽ അഞ്ച് വരെയാണ്‌ സെന്ററിന്റെ പ്രവർത്തനം. ഡിജിറ്റൽ സാങ്കേതിക വിദ്യയെ കുറിച്ചും ഉപയോഗത്തെ കുറിച്ചും ബോധവൽക്കരണ ക്ലാസുകളും നൽകുന്നുണ്ട്‌.

കുട്ടികൾക്കും മുതിർന്നവർക്കും അവബോധം നൽകാൻ സ്‌കൂളുകൾ, വായനശാലകൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിലും ക്ലാസുകൾ നൽകും. ഡി-ഡാഡിൽ ക്ലിനിക്കൽ സൈക്കോളജിസ്‌റ്റും പ്രൊജക്ട്‌ കോ ഓർഡിനേറ്ററും ഉണ്ടാകും. എ.എസ്‌.പിമാർക്കാണ്‌ ചുമതല. ഡി-ഡാഡ്‌ സേവനത്തിനായി പൊലീസിന്റെ ‘ചിരി’ പദ്ധതി ഹെൽപ്‌ലൈൻ നമ്പറിൽ വിളിക്കാം.ഫോൺ: 9497900200


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!