കുറ്റ്യാട്ടൂർ മാങ്ങയുടെ നാട്ടിൽ ഇനി നാട്ടുമാവിൻ സമൃദ്ധി

Share our post

കണ്ണൂർ : മാമ്പഴത്തിൽ കണ്ണൂരിന്റെ രുചിക്കൂട്ടായ കുറ്റ്യാട്ടൂർ മാങ്ങയുടെ നാട്ടിൽ നാട്ടുമാവുകളുടെ ജനിതക വൈവിധ്യ സംരക്ഷണ കേന്ദ്രം ഒരുങ്ങുന്നു. ദേശസൂചികാ പദവിയിലൂടെ രാജ്യാന്തര പ്രശസ്‌തി നേടിയ മധുരക്കനിയുടെ മണ്ണിൽ ഇനി നാട്ടുമാവുകളും സമൃദ്ധമായി വളരും. അന്യംനിന്നുപോകുന്ന നാട്ടുമാവുകളെ സംരക്ഷിക്കുന്ന യജ്ഞത്തിന്‌ ജില്ലാ പഞ്ചായത്താണ്‌ നേതൃത്വം നൽകുന്നത്‌. നാടിനെ മാന്തോപ്പാക്കാൻ പരിശ്രമിക്കുന്ന രാജ്യത്തെ ആദ്യ നാട്ടുമാവ്‌ പൈതൃകഗ്രാമമായ കണ്ണപുരത്തെ നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്‌മയാണ്‌ മാവുകളെ വർഗീകരിച്ച് ഇവിടെ എത്തിക്കുന്നതും സംരക്ഷിക്കുന്നതും.

ദേശീയ മാമ്പഴ ദിനമായ ശനിയാഴ്‌ച ജില്ലാ പഞ്ചായത്തിന്റെ ശിശു സൗഹൃദ കേന്ദ്രമായ ചട്ടുകപ്പാറയിലെ ‘ആരൂഢ’ ത്തിന് ചുറ്റുമുള്ള രണ്ടര ഏക്കർ ഭൂമിയിൽ പദ്ധതിക്ക്‌ തുടക്കമാവും. നിലവിൽ തരിശിട്ട പ്രദേശമാണിത്‌. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ശേഖരിച്ച അമ്പതോളം നാട്ടുമാവുകളാണ് ഇവിടെ നടുക. കണ്ണപുരം നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്മയുടെ ‘കോൾ ബിഫോർ കട്ട്’ ക്യാമ്പയിനിലൂടെ കണ്ടെത്തിയ നാട്ടുമാവിനങ്ങളുടെ തൈകൾ സുരക്ഷിതമായി സംരക്ഷിക്കാനുള്ള കേന്ദ്രമാക്കി ആരൂഢത്തെ മാറ്റും. അപൂർവ ഇനം നാട്ടുമാവുകളും സംരക്ഷിക്കും.

ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതി പൂർത്തിയാകുമ്പോൾ നൂറിലധികം നാട്ടുമാവുകൾ സംരക്ഷിക്കപ്പെടുന്ന കേന്ദ്രമായി ഇവിടം മാറും. കുട്ടികൾക്ക് നാട്ടുമാവുകളുടെ ജനിതക വൈവിധ്യത്തെക്കുറിച്ചുള്ള പഠനത്തിനും മാമ്പഴം രുചിച്ചറിയാനും ജൈവവൈവിധ്യ സംരക്ഷണത്തിനുമെല്ലാം പദ്ധതി പ്രയോജനപ്പെടും. ഒരു കിലോയിലേറെ തൂക്കം വരുന്ന കൊട്ടില കരിക്ക് മാങ്ങ, മുതുകുട തേങ്ങ മാങ്ങ, കണ്ടമ്പേത്ത് മാങ്ങ, കല്ല് ബപ്പായി, കൂനൻ മാങ്ങ, നാരങ്ങത്താൻ, രണ്ടുകൊല്ലത്തോളം കേടാകാതെ ഉപ്പിലിട്ടുവയ്‌ക്കാവുന്ന കയരളം മാങ്ങ, തെക്കേടത്ത്‌ ഓൾ സീസൺ മാങ്ങ, ആലപ്പുഴയിൽനിന്നുള്ള ചക്കരച്ചി, പഞ്ചാരച്ചി, ബ്രൗൺ കർപ്പൂരം, തോട്ടുകൽ, അമ്പൻ മധുരം, വെള്ള പറങ്കി, നീലപ്പറങ്കി, ചിന്തിത്തറ മാണിക്യം, തക്കാളി മാങ്ങ തുടങ്ങിയ അമ്പതോളം മാവുകളാണ് ഒന്നാംഘട്ടത്തിൽ നടുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!