ഇ.പി. ജയരാജനെതിരായ വധശ്രമം; കെ. സുധാകരന്റെ ഹർജിയിൽ അന്തിമവാദം ആഗസ്‌ത് മൂന്നിന്

കൊച്ചി : സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ സമർപ്പിച്ച ഹർജി ആഗസ്‌ത് മൂന്നിന് പരിഗണിക്കാൻ മാറ്റി. തിരുവനന്തപുരം സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള കേസിൽ വെറുതെവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ അന്തിമവാദമാണ് നടക്കാനുള്ളത്.
1995ൽ ഏപ്രിൽ 15ന് രാജധാനി എക്‌സ്‌പ്രസിൽ സഞ്ചരിക്കുന്നതിനിടെ ആന്ധ്രയിൽവച്ചാണ് ഇ.പി. ജയരാജനുനേരെ വധശ്രമമുണ്ടായത്. വാടക ക്രിമിനൽ പേട്ട ദിനേശനും കൂട്ടുപ്രതി വിക്രംചാലിൽ ശശിയും ചേർന്നാണ് വെടിവെച്ചത്. കൊലപ്പെടുത്താൻ തിരുവനന്തപുരം തൈക്കാട് ഗസ്‌റ്റ് ഹൗസിൽ വെച്ച് സുധാകരന്റെ നേതൃത്വത്തിലാണ് ഗൂഢാലോചന നടത്തിയതെന്നും തോക്ക് തന്നയച്ചതായും ഇരുവരും വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇ.പി. ജയരാജൻ ഫയൽ ചെയ്‌ത സ്വകാര്യ അന്യായത്തിൽ കോടതിനിർദേശം അനുസരിച്ച് തിരുവനന്തപുരം എ.സി.പി.യാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ജസ്റ്റിസ് എ.എ സിയാദ് റഹ്മാനാണ് സുധാകരന്റെ ഹർജി പരിഗണിക്കുന്നത്.