മാലിന്യം വലിച്ചെറിയുന്നവരെ പിടിക്കാൻ മട്ടന്നൂർ നഗരസഭ സി.സി.ടി.വി സ്ഥാപിക്കുന്നു

Share our post

മട്ടന്നൂർ:മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ മട്ടന്നൂർ നഗരസഭയുടെ മൂന്നാം കണ്ണ്. സർക്കാരിന്റെ മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി സ്ഥിരമായി മാലിന്യങ്ങൾ വലിച്ചെറിയുന്ന സ്ഥലങ്ങളിൽ സി .സി .ടി .വി ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് നഗരസഭ. ‘തേർഡ് ഐ അറ്റ് മട്ടന്നൂർ’ എന്നാണ് പദ്ധതിയുടെ പേര്.

48 ഇടങ്ങളിലാണ് ക്യാമറകൾ സ്ഥാപിക്കുക. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യമെങ്കിലും വാഹന അപകടങ്ങൾ, മോഷണം എന്നിവ വീക്ഷിക്കുന്നതിനും പദ്ധതി സഹായകമാകും. ഇതോടെ മട്ടന്നൂർ നഗരസഭയിലെ എല്ലാ പ്രദേശങ്ങളെയും ക്യാമറ നെറ്റ്വർക്കിൽ ബന്ധിപ്പിക്കാൻ സാധിക്കും.

ജനപ്രതിനിധികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 48 മാലിന്യം തള്ളുന്ന ഇടങ്ങൾ കണ്ടെത്തിയത്. ഇവിടങ്ങളിൽ സി .സി .ടി. വി സ്ഥാപിക്കുന്ന പ്രവൃത്തി അടുത്ത ആഴ്ച ആരംഭിക്കും. കൺട്രോൾ യൂണിറ്റ് ഒരുക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നു.

നഗരസഭയോട് ചേർന്നുള്ള കെട്ടിടത്തിലാണ് കൺട്രോൾ യൂണിറ്റ് ഒരുങ്ങുന്നത്. നഗരസഭാ ചെയർമാൻ, സെക്രട്ടറി എന്നിവർക്ക് വീക്ഷിക്കാൻ കഴിയുന്ന വിധത്തിൽ അവരുടെ ക്യാബിനുകളിൽ സ്‌ക്രീനുകൾ സ്ഥാപിക്കും. പൊലീസിനും ഈ സംവിധാനം ലഭ്യമാക്കും. വരും വർഷങ്ങളിൽ കൂടുതൽ സ്ഥലങ്ങൾ കണ്ടെത്താൻ ഇടയായാൽ അവിടെയും ക്യാമറകൾ സ്ഥാപിക്കും.

നഗരസഭയുടെ 2022-2023 വാർഷിക പദ്ധതിയിൽ 51 ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കി വെച്ചത്. സർക്കാർ അംഗീകൃത സ്ഥാപനമായ സിൽക്ക് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ക്യാമറകൾക്ക് പുറമെ മാലിന്യങ്ങൾ തള്ളുന്നത് കണ്ടെത്താൻ രഹസ്യസേനയെയും നഗരസഭ രൂപീകരിക്കുന്നുണ്ട്. അവരുടെ പ്രവർത്തനങ്ങൾക്കും ക്യാമറക്കണ്ണുകൾ സഹായകമാകും.

മാലിന്യങ്ങൾ വലിച്ചെറിയുന്നത് മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഒട്ടനവധിയാണ്. മാത്രമല്ല സാംക്രമിക രോഗങ്ങൾ പെരുകുന്നതിനും തെരുവ്നായ ശല്യം വർധിക്കുന്നതിനും അവ കാരണമാകുന്നുണ്ട്. ഇവയെല്ലാം പരിഹരിക്കുന്നതിനുള്ള ഒരു ശ്രമമാണ് തേർഡ് ഐ അറ്റ് മട്ടന്നൂർ പദ്ധതിയിലൂടെ നഗരസഭ ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ എൻ ഷാജിത്ത് മാസ്റ്റർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!