മണിപ്പൂരിലെ കൂട്ടബലാത്സംഗം; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു

Share our post

ന്യൂഡൽഹി: മണിപ്പൂരിൽ കുക്കി വിഭാ​ഗത്തിൽപെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സം​ഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ സുപ്രിംകോടതി സ്വമേധയാ കേസെടുത്തു.

അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കാനും കോട‌തി കേന്ദ്ര സര്‍ക്കാരിനും മണിപ്പൂര്‍ സര്‍ക്കാരിനും നിർദേശം നൽകി. അതിക്രമ ദൃശ്യങ്ങളെ പരാമര്‍ശിച്ച ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡ് അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കി.

അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നാണ് മണിപ്പൂര്‍ സര്‍ക്കാരിന് നല്‍കിയ നിര്‍ദ്ദേശം. ഇതിനായുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു. അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിടരമണി, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവരുടെ സാന്നിധ്യം ചീഫ് ജസ്റ്റിസ് കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്.

മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ചതിന്റെ ദൃശ്യങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നതാണ്. ഇതില്‍ സുപ്രിംകോടതിക്ക് ആശങ്കയുണ്ട്. സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കേണ്ട സമയമാണിത്. ഈ അതിക്രമം അംഗീകരിക്കാനാവില്ല, ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

കലാപബാധിത പ്രദേശത്ത് സ്ത്രീകളെ ഉപയോഗിക്കുന്നത് അസ്വസ്ഥപ്പെടുത്തുന്നു. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് ചുരുങ്ങിയ സമയം നല്‍കുന്നു. കുറ്റകൃത്യം നടത്തിയ ക്രിമിനലുകളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണം. ഇല്ലെങ്കില്‍ കോടതിക്ക് ഇടപെടേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

മെയ് നാലിന് സംഭവിച്ച അതിക്രമത്തിന്റേതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍ എന്നാണ് സൂചന. ഈ അവസ്ഥയില്‍ നിന്നും കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് കരുതുന്നില്ല. ക്രിമിനലുകളെ ഉടന്‍ പിടികൂടുകയും ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുകയും വേണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. ഇതൊരു ഒറ്റപ്പെട്ട സംഭമാണോ അതോ സ്ഥിരം അതിക്രമമാണോ എന്ന് ആര്‍ക്കറിയാമെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം.

മണിപ്പൂരിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട നിരവധി ഹര്‍ജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഈ ഹര്‍ജിയും മറ്റ് ഹര്‍ജികള്‍ക്കൊപ്പം അടുത്ത വെള്ളിയാഴ്ച പരിഗണിക്കും.

സ്ത്രീകളെ ന​ഗ്നരാക്കി റോഡിലൂടെ നടത്തിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. രണ്ട് സ്ത്രീകളും കൂട്ടബലാത്സം​ഗത്തിനിരകളായതായി ഒരു ​ഗോത്രസംഘ​ടന പറഞ്ഞു. മെയ് നാലിന്, ഇംഫാലിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള കാങ്പോക്പി ജില്ലയിൽ നടന്ന സംഭവമാണിതെന്ന് ഐ.ടി.എൽ.എഫ് പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!