ബസ് കാത്തിരിപ്പുകേന്ദ്രം സ്വകാര്യവ്യക്തി പൊളിച്ചുനീക്കി

ചെറുപുഴ: റോഡ് പുറമ്പോക്കിൽ നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രം സ്വകാര്യ വ്യക്തി പൊളിച്ചു നീക്കിയത് വിവാദമാകുന്നു. ചെറുപുഴ -പയ്യന്നൂർ മരാമത്ത് റോഡിന്റെ കാരോക്കാട് ഭാഗത്തു കർഷകശ്രീ സ്വയം സഹായസംഘം നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രം സ്വകാര്യ വ്യക്തി കഴിഞ്ഞ ദിവസം പൊളിച്ചു നീക്കിയതായാണു പരാതി.
സ്വകാര്യ വ്യക്തി പുതുതായി നിർമിക്കുന്ന കെട്ടിടത്തിനു മുന്നിൽ 12 അടി നീളമുള്ള ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചിട്ടു വർഷങ്ങൾ ഏറെയായി.
എന്നാൽ കെട്ടിടത്തിനെ മറയ്ക്കുന്നതിന്നതിനാൽ ബസ് കാത്തിരിപ്പുകേന്ദ്രം സ്വകാര്യ വ്യക്തി പൊളിച്ചു നീക്കുകയായിരുന്നു.
നിലവിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചു മാറ്റാൻ സ്വകാര്യ വ്യക്തി സഹായസംഘം ഭാരവാഹികളുടെ അനുമതി തേടിയിരുന്നു.
നിലവിലുള്ളത് പൊളിച്ചു മാറ്റി അതേ വലിപ്പത്തിൽ ആധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചു നൽകാമെന്നു സ്വകാര്യവ്യക്തി സംഘം ഭാരവാഹികൾക്ക് ഉറപ്പ് നൽകിയിരുന്നു.
എന്നാൽ ആധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കുന്നതിനു പകരം കോഴിക്കൂട് പോലുള്ള ഒരു റെഡിമെയ്ഡ് ബസ് കാത്തിരിപ്പുകേന്ദ്രം പ്രദേശത്തു സ്ഥാപിക്കുകയാണു ചെയ്തത്.
പുതുതായി സ്ഥാപിച്ച ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ 3 പേർക്ക് ഇരിക്കാനുള്ള സൗകര്യം പോലുമില്ല. സബ് ട്രഷറി, സഹകരണാശുപത്രി, കണ്ണാശുപത്രി, സഹകരണ ബാങ്ക്, വിവിധ വ്യാപാരസ്ഥാപനങ്ങൾ എന്നിവ ഈ ഭാഗത്തു പ്രവർത്തിക്കുന്നുണ്ട്.
ട്രഷറിയിൽ വരുന്നവർ ഉൾപ്പെടെയുള്ള ഒട്ടേറെ ആളുകൾ ബസ് കാത്തു നിൽക്കുന്ന കാരോക്കാട് ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചു നീക്കിയ സ്വകാര്യ വ്യക്തിയ്ക്കെതിരെ വ്യാപക പ്രതിഷേധമാണു ഉയരുന്നത്.
സ്വകാര്യ വ്യക്തി സംഘം ഭാരവാഹികൾക്ക് നൽകി ഉറപ്പ് പാലിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നു പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.