മാധ്യമ പ്രവർത്തകനാണെന്നത് നിയമം കൈയ്യിലെടുക്കാനുള്ള ലൈസൻസ് അല്ല: സുപ്രീംകോടതി
ന്യൂഡൽഹി : മാധ്യമപ്രവർത്തകന് നിയമം കൈയ്യിലെടുക്കാനുള്ള അധികാരമില്ലെന്ന് സുപ്രീംകോടതി. ‘ജേണലിസ്‌റ്റോ റിപ്പോർട്ടറോ ആകുന്നത് നിയമം കൈയ്യിലെടുക്കാനുള്ള ലൈസൻസ് അല്ല’- ജസ്‌റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേഷ് എന്നിവർ അംഗങ്ങളായ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. വാർത്ത കൊടുക്കാതിരിക്കാൻ പണം ആവശ്യപ്പെട്ടെന്ന കേസിൽ മാധ്യമപ്രവർത്തകന് മുൻകൂർജാമ്യം നിഷേധിച്ച മധ്യപ്രദേശ് ഹൈക്കോടതി നടപടി ചോദ്യംചെയ്‌തുള്ള ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ ശ്രദ്ധേയ നിരീക്ഷണം. നവജാതശിശുക്കളെ വിൽക്കുന്ന റാക്കറ്റിനെ കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്‌തതിന് തന്നെ കള്ളക്കേസിൽ കുടുക്കിയെന്നായിരുന്നു ദൈനിക്ക്‌ഭാസ്‌കറിലെ ക്രൈം റിപ്പോർട്ടറായ സദാഖത്ത് പത്താന്റെ അവകാശവാദം.
നേരത്തെ സദാഖത്ത് പത്താന്റെയും കൂട്ടുപ്രതികളുടെയും അറസ്‌റ്റ് സുപ്രീംകോടതി തടഞ്ഞിരുന്നു. എന്നാൽ, ബുധനാഴ്‌ച്ച നിയമപരിരക്ഷ നീട്ടിനൽകാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. സദാഖത്തിനും മറ്റ് പ്രതികൾക്കും എതിരെ മറ്റ് കേസുകൾ നിലവിലുള്ള വസ്‌തുതയും കോടതി ചൂണ്ടിക്കാണിച്ചു. ഇവരെ അറസ്‌റ്റ് ചെയ്യണോയെന്ന കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും കോടതി ഉത്തരവിൽ പറഞ്ഞു. മാധ്യമപ്രവർത്തകന്റെ പരിവേഷത്തിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്ന് നിരീക്ഷിച്ചാണ് മധ്യപ്രദേശ് ഹൈക്കോടതി മാധ്യമപ്രവർത്തകന്റെ മുൻകൂർജാമ്യപേക്ഷ തള്ളിയത്.