ശുദ്ധജലം നൽകി പയ്യന്നൂരിന്റ സ്വന്തം ശീതളം

Share our post

നാലു വർഷം കൊണ്ട് രണ്ടായിരത്തോളം കുടിവെള്ള കണക്ഷനുകൾ നൽകി പയ്യന്നൂർ നഗരസഭയുടെ ശീതളം ശുദ്ധജല വിതരണ പദ്ധതി. കുറഞ്ഞ നിരക്കിൽ ഫിൽട്ടർ ചെയ്ത ശുദ്ധജലം നൽകിയാണ് ശീതളം മാതൃകയാകുന്നത്. നഗരസഭ കുടുംബശ്രീ പ്രവർത്തകരാണ് കുടിവെള്ള വിതരണം നടത്തുന്നത്.

പി. ദിവ്യ, കെ. വി. ലീന, പി. നന്ദ, കെ. പ്രസീത എന്നിവരാണ് ശീതളത്തിന്റെ പ്രവർത്തനം ഏറ്റെടുത്ത് നടത്തുന്നത്. വീടുകളിലും കടകളിലുമായി രണ്ടായിരത്തിലധികം കണക്ഷനുകൾ പിന്നിട്ടതായി ഇവർ പറയുന്നു. ദിനേന 200 ഓളം ബോട്ടിലുകളാണ് വിതരണം ചെയ്യുന്നത്.

20 ലിറ്റർ ബോട്ടിലിന് 40 രൂപ നിരക്കിലാണ് വില ഈടാക്കുക.നഗരസഭയുടെ കിണറിൽ നിന്നുള്ള വെള്ളം ഫിൽട്ടർ ചെയ്ത് ശുദ്ധീകരിച്ച് വിതരണം ചെയ്യും. ധാരണ ഇൻഫ്രാസ്ട്രക്ടറാണ് പ്ലാന്റ് സ്ഥാപിച്ചത്. ആറ് ഘട്ടങ്ങളായാണ് വെള്ളം ശുദ്ധീകരിക്കുന്നത്. കിണറിൽ നിന്നും വരുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്ത് സാൻഡ് ഫിൽട്ടർ, അയൺ റിമൂവർ, കാർബൺ ഫിൽട്ടർ എന്നീ വെസലുകളിലൂടെ ശുചീകരിക്കും.

ഇത് മൈക്രോ ഫിൽട്ടറിൽ എത്തും. റിവേഴ്സ് ഓസ്മോസിസ് എന്ന പ്രക്രിയ നടത്തി യു വി ലാമ്പ് ട്രീറ്റ്മെന്റ് കൂടി കഴിഞ്ഞാണ് ഫിൽട്ടർ ടാങ്കിൽ നിറയുക. തുടർന്ന് മെഷീൻ വഴി അണുനശീകരണം നടത്തിയ ബോട്ടിലുകളിലേക്ക് വെള്ളം നിറക്കും. നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും 12.37 ലക്ഷം രൂപ ചെലവിട്ടാണ് പ്ലാന്റ് സ്ഥാപിച്ചത്. നഗരസഭ പരിധിയിൽ മികച്ച സ്വീകാര്യതയാണ് ശീതളത്തിന് ലഭിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!