കണ്ണൂരിനും കണ്ണിലുണ്ണി, ജനനേതാവിന്റെ ഓർമ്മയിൽ നാടും നഗരവും

Share our post

കണ്ണൂർ: കോൺഗ്രസ് പ്രസ്ഥാനത്തിന്റെ അനിഷേധ്യനായ നേതാവും ജനകീയ മുഖ്യമന്ത്രിയും ജനങ്ങളുടെ കണ്ണിലുണ്ണിയുമായ ഉമ്മൻ ചാണ്ടിക്ക് കണ്ണൂരിലും അശ്രുപൂജ. കണ്ണൂർ ജില്ലയുമായി അഭേദ്യമായ ബന്ധം പുലർത്തിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി.

മുഖ്യമന്ത്രിയായ വേളയിൽ കണ്ണൂർ വിമാനത്താളം സാക്ഷാത്കരിക്കാൻ അദ്ദേഹം കൈയ്മെയ് മറന്നുപ്രവർത്തിച്ചു. കണ്ണൂർ ജില്ലയിലെ പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയും പേരെടുത്തു വിളിച്ചു സംസാരിക്കാനുളള അടുപ്പം അദ്ദേഹം കാണിച്ചിരുന്നു.

കണ്ണൂർ ജില്ലയിലെ ഇരിക്കൂറിൽ തന്റെ അതീവ വിശ്വസ്തനായ കെസി ജോസഫിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചതും ഉമ്മൻ ചാണ്ടിയുടെ ദീർഘവീക്ഷണമായിരുന്നു. പ്രിയ നേതാവിന്റെ വിയോഗമറിഞ്ഞ് പതിനായിരങ്ങളാണ് തലസ്ഥാനത്തേക്കും കോട്ടയത്തേക്കും തിരിച്ചത്.

പ്രത്യേക വാഹനത്തിലായിരുന്നു യാത്ര. അധ്യാപകരും തൊഴിലാളികളും യുവാക്കളും സമുഹത്തിന്റെ വിവിധ തുറകളിലുള്ളവർ ഒരു വട്ടം കൂടി ഉമ്മൻ ചാണ്ടിയെ അവസാനമായൊന്നു കാണാൻ മഴയെ അവഗണിച്ചും യാത്ര തിരിച്ചു.

ജില്ലയിലെ എല്ലാ സ്ഥലങ്ങളിലും ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് കോൺഗ്രസ് പ്രവർത്തകർ മൗനജാഥയും ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. സംസ്കാര ചടങ്ങുകൾക്കു ശേഷം സർവകക്ഷി പൊതുയോഗങ്ങൾ നടക്കും. മുൻ മുഖ്യമന്ത്രി കെ കരുണാകരനുശേഷം കണ്ണൂരിനെ ഇത്രയധികം സ്വാധീനിച്ച ജനനേതാവില്ലെന്നാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ഇളകി മറിഞ്ഞു സങ്കടത്തിരകളായി അണപൊട്ടി ഒഴുകിയ ജനവികാരം തെളിയിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!