കാടുകയറി കളിക്കളം: പുറത്തായി കായിക പ്രതീക്ഷകൾ

കേളകം: മഞ്ഞളാം പുറത്തെ ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രവൃത്തി പാതിവഴിയിൽ നിലച്ചിട്ട് ആറുവർഷം. 2014ൽ നിർമിച്ച മൾട്ടിപർപ്പസ് സ്റ്റേഡിയം ഉപയോഗിക്കാനായത് ഒരു വർഷം മാത്രം. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നും 11,49,376 രൂപയുടെ ടെൻഡർ ആയിരുന്നു ഇൻഡോർ സ്റ്റേഡിയം നിർമാണത്തിനായി നൽകിയത്.
എന്നാൽ പണി പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് മറ്റൊരാളെ ഏൽപ്പിച്ച് പണി തുടർന്നെങ്കിലും റൂഫിങ് ഷീറ്റിടലിൽ അതും നിലച്ചു. ഷട്ടിൽ കോർട്ടുകൾ നിർമിക്കുകയോ മറ്റു സംവിധാനങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തിട്ടില്ല.
ഇപ്പോഴിവിടം സമീപവാസികൾ വാഹന പാർക്കിങ്ങിനും മറ്റു സാധനങ്ങൾ സൂക്ഷിക്കാനുമാണ് ഉപയോഗിക്കുന്നത്. സമീപത്തായി പ്രദേശവാസികൾ താൽക്കാലികമായി നിർമിച്ച കോർട്ടിലായിരുന്നു ഇപ്പോഴിവർ കളിച്ചിരുന്നത്. കാറ്റു വീശി ബലക്ഷയം സംഭവിച്ചതിനാൽ ഇപ്പോൾ കളി നടക്കുന്നില്ലെന്നിവർ പറയുന്നു.
മൾട്ടിപർപ്പസ് സ്റ്റേഡിയത്തിന്റെ നിർമാണം ശാസ്ത്രീയമല്ലാത്തതിനാൽ നിർമാണം പൂർത്തിയാക്കി ഒരു വർഷത്തിനുള്ളിൽ തന്നെ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് നവീകരിച്ചുമില്ല.