ഒളവിലം റഗുലേറ്റർ കം ബ്രിഡ്ജിന് കല്ലിട്ടു

ചൊക്ലി: തലശേരി മണ്ഡലത്തിലെ ന്യൂമാഹി, ചൊക്ലി പഞ്ചായത്തുകളുടെ അതിർത്തി ഗ്രാമമായ ഒളവിലം പാത്തിക്കലില്‍ പാലാഴിത്തോടിന് കുറുകെ നിര്‍മിക്കുന്ന റഗുലേറ്റര്‍ കം ബ്രിഡ്ജിന് മന്ത്രി റോഷി അഗസ്റ്റിൻ കല്ലിട്ടു. സ്പീക്കർ എ. എന്‍ ഷംസീര്‍ അധ്യക്ഷനായി.
മയ്യഴിപ്പുഴയിൽ നിന്ന് പാലാഴിത്തോടിലേക്കൊഴുകുന്ന വെള്ളത്തിൽ ഉപ്പുവെള്ളം കയറി മേഖലയിലെ കിണർ വെള്ളം ഉപയോഗശൂന്യമാകുകയാണ്. കൃഷിയും നശിക്കുന്നു. ഈ സാഹചര്യത്തിലാണ് എ .എൻ ഷംസീറിന്റെ ഇടപെടലിൽ സംസ്ഥാന ബജറ്റിൽ 18.2 കോടി അനുവദിച്ചത്. 2022 ഡിസംബറിൽ ഭരണാനുമതി ലഭിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ -ഓപ്പറേറ്റീവ് സൊസൈറ്റി കരാറേറ്റെടുക്കുകയും ചെയ്തു.
റഗുലേറ്റർ നിർമാണത്തിനൊപ്പം മൂന്നു കിലോമീറ്റർ ദൂരപരിധിയിൽ പാലാഴിത്തോടിന് പാർശ്വഭിത്തി കെട്ടലും ബണ്ട് നിർമാണവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ആധുനിക രീതിയിൽ പണിയുന്ന റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണ പ്രവൃത്തി ഒന്നരവർഷംകൊണ്ട് പൂർത്തീകരിക്കും.
ചടങ്ങിൽ കെ മുരളീധരന്‍ എം.പി മുഖ്യാതിഥിയായി. പി .കെ സജിന റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ സി. കെ രമ്യ, എം കെ സെയ്‌ത്തു, ചൊക്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഒ ചന്ദ്രൻ, വി. കെ. രാഗേഷ്, സി.പി.ഐ .എം ഏരിയ സെക്രട്ടറി കെ. ഇ. കുഞ്ഞബ്ദുള്ള, അഡ്വ. സിജി അരുണ്‍, പി .പ്രഭാകരന്‍, പി. കെ യൂസഫ്, വി. പുരുഷു എന്നിവര്‍ സംസാരിച്ചു. എം. കെ മനോജ് സ്വാഗതവും ഇ. എൻ രവീന്ദ്രൻ നന്ദിയും പറഞ്ഞു.