ദരിദ്രരുടെ തോത്‌ ഏറ്റവും കുറവ്‌ കേരളത്തിൽ; നിതി ആയോഗ്‌ റിപ്പോർട്ട്‌

Share our post

ന്യൂഡൽഹി : രാജ്യത്ത് ദരിദ്രരുടെ തോത് ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമെന്ന് നിതി ആയോഗ് റിപ്പോർട്ട്. 2015–-16ൽ സംസ്ഥാനത്ത് ദരിദ്രരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 0.70 ശതമാനം ആയിരുന്നെങ്കിൽ 2019–-21ൽ ഇത് 0.55 ശതമാനമായി താഴ്ന്നുവെന്നും നിതി ആയോഗിന്റെ ബഹുമുഖ ദാരിദ്ര്യ റിപ്പോർട്ട്–-2023ൽ വ്യക്തമാക്കി. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ മേഖലകളിലെ 12 സൂചകത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്.

ബിഹാർ–-33.76 ശതമാനം, ജാർഖണ്ഡ്–-28.81, മേഘാലയ–-27.79, ഉത്തർപ്രദേശ്–-22.93, മധ്യപ്രദേശ്–-20.63 എന്നിവയാണ് ദരിദ്രരുടെ എണ്ണത്തിന്റെ തോതിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ. ഗോവ–-0.84, തമിഴ്നാട്–-2.20, സിക്കിം–-2.60, പഞ്ചാബ്–-4.75 എന്നിവയാണ് കേരളത്തിന് പിന്നാലെ ദരിദ്രരുടെ എണ്ണത്തിന്റെ തോത് കുറവുള്ള സംസ്ഥാനങ്ങൾ. കേരളത്തിൽ എറണാകുളം ജില്ലയിൽ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പ്രകാരം ദരിദ്രർ തീരെയില്ല. വയനാട് ജില്ലയിൽ ജനസംഖ്യയുടെ 2.82 ശതമാനം പേർ ദരിദ്രരാണ്.

പോഷകാഹാര ലഭ്യത, മാതൃ–-ശിശുമരണ നിരക്ക്, മാതൃ ആരോഗ്യം എന്നിവയാണ് ആരോഗ്യമേഖല സൂചകങ്ങൾ. സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്ന വർഷങ്ങളുടെ ശരാശരി, സ്കൂൾ ഹാജർ നിലവാരം എന്നിവയാണ് വിദ്യാഭ്യാസ മേഖല മാനദണ്ഡങ്ങൾ.

പാചക ഇന്ധനം, കുടിവെള്ളം, ശുചിത്വം, പാർപ്പിടം, വൈദ്യുതി, ആസ്തി, ബാങ്ക് അക്കൗണ്ട് എന്നീ മേഖലകളിലെ സ്ഥിതിയാണ് ജീവിതനിലവാരം തിട്ടപ്പെടുത്താൻ ഉപയോഗിച്ചത്. നാല്(2014–-15), അഞ്ച്(2019–-21) ദേശീയ കുടുംബാരോഗ്യ സർവെകളെ ആശ്രയിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!