കണ്ണൂർ:വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവർക്ക് സൗജന്യമായി മരുന്ന് നൽകുന്നതിന് ജില്ലാപഞ്ചായത്ത് ആവിഷ്ക്കരിച്ച സ്നേഹ ജ്യോതി പദ്ധതി പൂർണ്ണമായും നിലച്ച അവസ്ഥയിൽ .കേരള സ്റ്റേറ്റ് മെഡിക്കൽ കോർപറേഷൻ ലിമിറ്റഡിൽ നിന്നുള്ള മരുന്ന് വിതരണത്തിനെത്താത്തതാണ് പദ്ധതിയെ വലച്ചത്.
കഴിഞ്ഞ മൂന്ന് മാസമായി പദ്ധതിയുടെ ആനുകൂല്യം രോഗികൾക്ക് ലഭിക്കാത്ത അവസ്ഥയാണുള്ളത്.അഞ്ചുവർഷം മുമ്പ് ആരംഭിച്ച സ്‌നേഹജ്യോതി പദ്ധതി കഴിഞ്ഞ ഒരു വർഷമായി തട്ടിയും മുട്ടിയുമാണ് മുന്നോട്ട് പോയിരുന്നത്. വൃക്ക മാറ്റി വച്ച രോഗികൾക്ക് പ്രതിരോധ ശേഷിക്കുള്ള രണ്ടുഗുളികകളാണ് ഇതുവഴി നൽകുന്നത്.
ഈ ഓരോ ഗുളികകൾക്കും മെഡിക്കൽ ഷോപ്പുകളിൽ 70 രൂപ വിലയുണ്ട് .സാധാരണ നിലയിൽ രണ്ട് ഗുളികകളാണ് ഒരുദിവസം കഴിക്കേണ്ടത്. പദ്ധതിയുടെ തുടക്കത്തിൽ 230 പേർക്കാണ് ജില്ലയിൽ മരുന്നുകൾ ലഭിച്ചിരുന്നത്.ഏകദേശം 500 ന് മുകളിൽ അപേക്ഷകരാണ് ഉണ്ടായിരുന്നത്.
2018 ൽ ആരംഭിച്ച പദ്ധതി പ്രഖ്യാപിച്ച് വെറും 13 ദിവസത്തെ അപേക്ഷകൾ മാത്രമാണ് പരിഗണിച്ചത്. പിന്നീടുള്ള വർഷങ്ങളിലൊന്നും പിരഗണിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. ഫണ്ടില്ലെന്നും ഓർഡർ ചെയ്ത മരുന്നുകൾ എത്തിയിട്ടില്ലെന്നുമാണ് അധികൃതർ പറയുന്ന കാരണങ്ങൾ.കൊവിഡ് കാലത്ത് ഉൾപ്പെടെ പൊലീസിന്റെ സഹായത്തോടെ ജില്ലാ പഞ്ചായത്ത് ഈ മരുന്നുകൾ വീട്ടിലെത്തിച്ചു നൽകിയിരുന്നു.ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററും സ്നേഹ ജ്യോതി പദ്ധതിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.
ഉണരാതെ കെ.എം.എസ്.സിമരുന്ന് വിതരണം കുറഞ്ഞതാണ് രോഗികൾക്ക് മരുന്ന് എത്തിക്കാൻ കഴിയാത്തതിന് പ്രധാന കാരണം.അധികൃതർ അഡ്വാൻസായി തുക നൽകിയാലും സമയബന്ധിതമായി മരുന്ന് കെ.എം.എസ്.സി എത്തിക്കുന്നില്ല. സംസ്ഥാനത്ത് മുഴുവൻ സമാന സ്ഥിതിയാണ് ഇപ്പോഴുള്ളത്.വൃക്കരോഗികൾ വേറെയും പരാതിയുണ്ട്തദ്ദേശ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന പാലിയേറ്റീവ് കെയർ പദ്ധതി വഴിയിലൂടെ ലഭിച്ച സഹായങ്ങളും നിലവിൽ കാര്യക്ഷമമല്ലെന്നാണ് രോഗികളുടെ ആക്ഷേപം.ഫിൽറ്ററുകൾ,ട്യൂബുകൾ എന്നിവ സൗജന്യമായി പദ്ധതിയിലൂടെ നൽകുന്നുണ്ട്.
ഇതിൽ നിലവിൽ ചില പഞ്ചായത്തുകളിലെ രോഗികൾക്ക് ലഭിക്കുന്നില്ല.പുറത്ത് നിന്ന് വാങ്ങുമ്പോൾ ഏകദേശം 1300 രൂപയാണ് ഇതിന് വില വരിക.വൃക്ക രോഗികൾക്കുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണവും കാര്യക്ഷമമമല്ലെന്ന ആക്ഷേപവും നിലവിലുണ്ട്.
കെ.എം.എസ്.സി മരുന്ന് സപ്ലൈ കുറഞ്ഞതാണ് പ്രധാന വെല്ലുവിളി.ഒാപ്പൺ ടെൻഡറിലൂടെ മരുന്ന് എത്തിക്കുന്നതിന് ജില്ലാ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിട്ടുണ്ട്.ഇതിലൂടെ കരൾ,വൃക്ക രോഗികൾക്കെല്ലാം മരുന്നെത്തിക്കാൻ സാധിക്കും.
പി.പി.ദിവ്യ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മൂന്ന് മാസമായി സ്നേഹ ജ്യോതി പദ്ധതി സ്തംഭിച്ചിരിക്കുകയാണ്.പാവപ്പെട്ട രോഗികൾക്ക് ഏറെ സഹായകരമായിരുന്ന പദ്ധതി കാര്യക്ഷമമായി മുന്നോട്ടു കൊണ്ടു പോകണംപ്രേമരാജൻ പുന്നാട്,പ്രസിഡന്റ് ,പ്രതീക്ഷ ഒാർഗൻ (കിഡ്നി) റെസീപിയൻസ് ഫാമിലി അസോസിയേഷൻ.