മണ്‍സൂണ്‍ കനത്തു; പതഞ്ഞൊഴുകുന്ന ദൂത് സാഗര്‍ വെള്ളച്ചാട്ടം കാണാന്‍ പോകാം

Share our post

മണ്‍സൂണ്‍ ചിലര്‍ക്കെങ്കിലും തീരാ ദുരിതങ്ങളുടെ കാലമാണെങ്കിലും അതി മനോഹരമായ ചില കാഴ്ചകളുടെ കൂടി കാലമാണ്.

അത്തരത്തില്‍ മണ്‍സൂണ്‍ കാലത്ത് കാണാന്‍ കഴിയുന്ന ഒരു മായിക കാഴ്ചയാണ് പതഞ്ഞൊഴുകുന്ന ദൂത് സാഗര്‍ വെള്ളച്ചാട്ടം. മണ്‍സൂണ്‍ കാലത്താണ് ദൂത് സാഗര്‍ അതിന്റെ എല്ലാ ഭംഗിയോടും കൂടെ പതഞ്ഞൊഴുകുക.

ബാംഗ്ലൂരില്‍ നിന്ന് 570 കിലോമീറ്റര്‍ അകലെ ഗോവയില്‍ കര്‍ണാടകയുടെ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

ഭഗവാന്‍ മഹാവീര്‍ വന്യജീവി സങ്കേതത്തിലാണ് വെള്ളച്ചാട്ടത്തിന്റെ സ്ഥാനം. 1017 അടി ഉയരത്തില്‍ ഉള്ള ഈ വെള്ളച്ചാട്ടം മണ്ഡവി നദിയിലാണുള്ളത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരത്തില്‍ നിന്നള്ള വെള്ളച്ചാട്ടങ്ങളില്‍ ഒന്നുകൂടിയാണിത്.

മാഡ്ഗാവോണ്‍ ബെല്‍ഗാം റെയില്‍പാത കടന്നുപോകുന്നത് ഈ വെള്ളച്ചാട്ടത്തിന് സമീപത്തുകൂടിയാണ്. അതിനാല്‍ ഈ പാതയിലൂടെ യാത്ര ചെയ്താല്‍ ദൂത് സാഗര്‍ വെള്ളച്ചാട്ടത്തിന്റെ മനോഹരദൃശ്യം കാണാം.

ഇടതൂര്‍ന്ന കാടിന് സമീപത്താണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇത് കാഴ്ചകളെ കൂടുതല്‍ മനോഹരമാക്കുന്നു. മണ്‍സൂണ്‍ കാലത്ത് നിറഞ്ഞൊഴുകുന്ന ദൂത് സാഗറിന് സമീപത്ത് കൂടെ ട്രെയിന്‍ കടന്നു പോകുന്ന കാഴ്ച അതിമനോഹരമാണ്. പല ഫോട്ടോഗ്രാഫര്‍മാരും സഞ്ചാരികളും ഈ ദൃശ്യം പകര്‍ത്താന്‍ വേണ്ടി മണ്‍സൂണ്‍ കാലത്ത് ദൂത് സാഗറിലെത്താറുണ്ട്.

ദൂത് സാഗര്‍ വെള്ളച്ചാട്ടം കാണാന്‍ ആളുകള്‍ ഇവിടേയ്ക്ക് ട്രെക്കിംഗ് നടത്താറുണ്ട്. വനത്തിലൂടെയുള്ള ട്രെക്കിങും മറക്കാനാകാത്ത അനുഭവമായിരിക്കും.ദൂത് സാഗറിലേക്ക് ഒന്നിലധികം ട്രെക്കിംഗ് ട്രെയിലുകള്‍ ഉണ്ട്. കാട്ടിലെ ശുദ്ധജലത്തിലൂടെയും പ്രകൃതി സൗന്ദര്യത്തിലൂടെയുമുള്ള മനോഹരമായ യാത്രയാണിത്.

നിലവില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണമുണ്ടെങ്കിലും ഈ മാസം അവസാനത്തോടെ ട്രെക്കിങ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ ആദ്യ വാരം വരെ ധൂത് സാഗര്‍, തംദി സുര്‍ള വെള്ളച്ചാട്ടങ്ങളിലേക്ക് പ്രത്യേക ട്രെക്കിംഗ് പാക്കേജുകള്‍ ഉണ്ടാകും.

പ്രധാനമായും രണ്ട് വഴികളിലൂടെ വെള്ളച്ചാട്ടത്തില്‍ എത്താന്‍ കഴിയും. കാസില്‍ റോക്ക് റൂട്ട്- റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള 14 കിലോമീറ്റര്‍ ട്രക്ക്. 6 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിക്കും. നിരവധി ടണലുകളിലൂടെയും കടന്നുപോകാന്‍ സാധിക്കും.

കുല്ലേം റൂട്ട്- കുല്ലേം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയാണ് വെള്ളച്ചാട്ടമുള്ളത്. കാസില്‍ റോക്ക് വെച്ചുനോക്കുമ്പോള്‍ കുറവ് സഞ്ചാരികള്‍ മാത്രമാണ് ഈ പാത തിരഞ്ഞെടുക്കാറ്. എന്നാല്‍ ദൂത് സാഗറിന് സമീപത്തൂടെ തീവണ്ടി കടുന്നുപോകുന്ന ചിത്രം എടുക്കാന്‍ ഈ റൂട്ടിലൂടെ പോകണം. അഞ്ച് മണിക്കൂറാണ് ഈ ട്രെക്കിന്റെ ദൈര്‍ഘ്യം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!