പ്രായപൂര്‍ത്തിയാകാത്ത മകന്‍ സ്‌കൂട്ടര്‍ ഓടിച്ചു; അമ്മയ്ക്ക് കാല്‍ ലക്ഷം രൂപ പിഴ

Share our post

തൃശൂര്‍:പ്രായപൂര്‍ത്തിയാകാത്ത കുട്ടി രണ്ട് സുഹൃത്തുക്കളെ ഒപ്പമിരുത്തി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്ക്ക് പിഴ ശിക്ഷ. അച്ഛനെ കോടതി വെറുതെ വിട്ടു.തൃശൂര്‍ കൊഴുക്കുള്ളി സ്വദേശിയായ കുട്ടിയാണ് സ്‌കൂട്ടര്‍ ഓടിച്ചത്. സ്‌കൂട്ടറിന്റെ ഉടമ അമ്മയായതിനാലാണ് പിഴ ശിക്ഷ അമ്മയ്ക്ക് മാത്രം ലഭിച്ചത്. 25000 രൂപയാണ് പിഴ. ഇത് അടച്ചില്ലെങ്കില്‍ അഞ്ച് ദിവസം തടവ് ശിക്ഷ അനുഭവിക്കണം

ഈ വര്‍ഷം ജനുവരി 20 നാണ് കേസിന് ആസ്പദമായ സംഭവം. സ്‌കൂട്ടര്‍ ഓടിച്ച കുട്ടിയുടെ തലയില്‍ മാത്രമാണ് ഹെല്‍മറ്റ് ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. അപകടകരമായ രീതിയില്‍ അമിത വേഗത്തിലാണ് സ്‌കൂട്ടര്‍ ഓടിച്ചതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ടി. മഞ്ജിത്തിന്റേതാണ് വിധി. മോട്ടോര്‍ വാഹന നിയമത്തിലെ വിവിധ വകുപ്പുകള്‍ അടിസ്ഥാനമാക്കിയാണ് ശിക്ഷ വിധിച്ചത്.

കുട്ടികള്‍ സ്‌കൂട്ടറുമായി മോട്ടോര്‍ വാഹന വകുപ്പ് സംഘത്തിന്റെ മുന്നില്‍പെട്ടതോടെയാണ് സംഭവത്തില്‍ കേസെടുത്തത്. കുട്ടികളുടെ പ്രായവും വാഹനത്തിന്റെ അമിത വേഗവും കണക്കിലെടുത്ത് വാഹനം ഓടിച്ച കുട്ടിയുടെ മാതാപിതാക്കളെ പ്രതിയാക്കിയാണ് മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തത്. സംഭവത്തില്‍ അച്ഛന്‍ കുറ്റക്കാരനല്ലെന്നാണ് കോടതി വിധി പ്രസ്താവത്തില്‍ വ്യക്തമാക്കിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!