കോവിഡ് കിറ്റ്: റേഷൻകടക്കാർക്ക് കമ്മിഷൻ നൽകണമെന്ന് സുപ്രീംകോടതി; സംസ്ഥാന സർക്കാരിന്റെ അപ്പീൽ തള്ളി

Share our post

ന്യൂഡൽഹി: കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണംചെയ്ത റേഷൻകടയുടമകൾക്ക് കമ്മിഷൻ നൽകണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാനസർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് അപ്പീൽ തള്ളിയത്.

2020 ഏപ്രിൽ ആറിനാണ് ഭക്ഷ്യക്കിറ്റ് വിതരണംചെയ്യാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടത്. ഒരു കിറ്റിന് അഞ്ചുരൂപ നിരക്കിൽ റേഷൻകട ഉടമകൾക്ക് കമ്മിഷൻ നൽകാൻ 2020 ജൂലായ് 23-ന് തീരുമാനിച്ചു. എന്നാൽ, രണ്ടു മാസം മാത്രമേ കമ്മിഷൻ നൽകിയുള്ളൂ. ബാക്കി 11 മാസത്തെ കമ്മിഷൻ ആവശ്യപ്പെട്ട് റേഷൻകടയുടമകൾ നൽകിയ ഹർജിയിലാണ് അവർക്കനുകൂലമായി ഹൈക്കോടതിയുടെ വിധിയുണ്ടായത്.

കമ്മിഷൻ നൽകാൻ സമയപരിധിയും ഹൈക്കോടതി നിശ്ചയിച്ചിരുന്നു. പിന്നീട് ഈ സമയപരിധി നീട്ടിനൽകിയിട്ടും കമ്മിഷൻ നൽകാതെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അധിക സമയം നൽകിയിട്ടും എന്തുകൊണ്ട് കമ്മിഷൻ നൽകിയില്ലെന്ന് ചോദിച്ചുകൊണ്ടാണ് സർക്കാരിന്റെ അപ്പീൽ സുപ്രീംകോടതി തള്ളിയത്.

കോവിഡ് കാലത്ത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാനാണ് കിറ്റ് നൽകിയതെന്നും മാനുഷികപരിഗണനയോടെ കണ്ട് അത് സൗജന്യമായി വിതരണംചെയ്യണമെന്നുമാണ് സർക്കാർ വാദിച്ചത്. കമ്മിഷൻ നൽകണമെങ്കിൽ 40 കോടിരൂപയുടെ അധികച്ചെലവ് വരുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷനുവേണ്ടി അഡ്വ. എം.ടി. ജോർജും സംസ്ഥാനസർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കോൺസെൽ സി.കെ. ശശിയും ഹാജരായി. കോവിഡ് കാലത്ത് പ്രത്യേക മുറിയെടുത്തും അധിക ജോലിക്കാരെ നിയമിച്ചും കിറ്റ് വിതരണം നടത്തിയ റേഷൻകട ഉടമകൾക്ക് നീതി ലഭിച്ചെന്ന് അസോസിയേഷൻ സംസ്ഥാനപ്രസിഡന്റ് ജോണി നെല്ലൂരും വൈസ് പ്രസിഡന്റ് ജോൺസൻ വിളവിനാലും പ്രതികരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!