കേരള എക്സ്പ്രസിൽ ബിരുദ വിദ്യാർഥിനികൾക്കുനേരെ അതിക്രമം; യു.പി സ്വദേശികൾ പിടിയിൽ

Share our post

കൊച്ചി: കേരള എക്സ്പ്രസ് ട്രെയിനിൽ ബിരുദ വിദ്യാർഥിനികൾക്കുനേരെ അതിക്രമം ഉണ്ടായി. സംഭവത്തിൽ യു.പി സ്വദേശികളായ രണ്ടുപേരെ റെയിൽവേ പൊലീസ് പിടികൂടി. കേരള എക്സ്‌പ്രസില്‍ വെള്ളിയാഴ്ച്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. യു.പി സ്വദേശികളായ മുഹമ്മദ് ഷദാബ് (34), അഭിഷേക് (27) എന്നിവരാണ് അറസ്റ്റിലായത്.

കോട്ടയത്ത് നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന മൂന്ന് ബിരുദ വിദ്യാര്‍ത്ഥിനികളില്‍ ഒരാളെ മുഹമ്മദ് ഷദാബ് കയറിപ്പിടിച്ചു. ടോയ്‌ലറ്റിൽ പോകുമ്പോഴായിരുന്നു പെൺകുട്ടിക്കുനേരെ അതിക്രമം ഉണ്ടായത്. വിദ്യാര്‍ത്ഥിനി എതിർത്ത് ബഹളംവെച്ചതോടെ ഷദാബ് ആക്രമിക്കുകയും സമീപത്തെ ബോഗിയിലേക്ക് ഓടിരക്ഷപെടുകയുമായിരുന്നു.

ട്രെയിൻ നോര്‍ത്ത് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനികള്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന അഭിഷേകിനെ തടഞ്ഞുവച്ച്‌ മൊബൈൽഫോൺ പിടിച്ചുവാങ്ങഇ. ഇതിൽ പ്രകോപിതനായി അഭിഷേക് വിദ്യാര്‍ത്ഥിനികളിൽ ഒരാളുടെ കഴുത്തില്‍ കുത്തിപ്പിടിച്ചു.

ഈ സമയം അവിടെയെത്തിയ വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കളിലൊരാള്‍ അഭിഷേകിനെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി റെയില്‍വേ പൊലീസിന് കൈമാറുകയായിരുന്നു. പിടിയിലാകാതിരിക്കാൻ ബോഗികളിലൂടെ മാറി മാറി സഞ്ചരിക്കുകയായിരുന്ന മുഹമ്മദ് ഷദാബിനെയും പൊലീസ് എറണാകുളം നോർത്ത് സ്റ്റേഷനിൽവെച്ച് തന്നെ കസ്റ്റഡിയിലെടുത്തു.

ഇരുവരെയും റെയിൽവേ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേരളത്തിൽ ജോലിക്ക് എത്തിയ ഇരുവരും അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇവർ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!