ബോട്ടുകളുടെ സർവ്വേ മുടങ്ങില്ല; സർവേയർ ചുമതലയേറ്റു

കണ്ണൂർ : വടക്കൻ കേരളത്തിൽ ബോട്ടുകളുടെ സർവേ അനിശ്ചിതമായി വൈകുന്ന പ്രശ്നത്തിനു പരിഹാരമായി. വടക്കൻ മേഖലയിൽ പുതിയ സർവേയറെ നിയമിച്ചു. കണ്ണൂർ സ്വദേശി ജോഫിൻ ലൂക്കോസാണു ചുമതലയേറ്റത്.
സർവേയർ ഇല്ലാത്തതു കാരണം ബോട്ടുകൾ നീറ്റിലിറക്കാൻ കഴിയാതെ മാസങ്ങളായി കാത്തുകിടക്കേണ്ടി വരുന്നത് വടക്കേ മലബാറിൽ ജല ടൂറിസം രംഗത്തു നിക്ഷേപം നടത്തിയവരെ നിരാശരാക്കിയിരുന്നു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മലയാള മനോരമ ഒട്ടേറെ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു മാരിടൈം ബോർഡ് അടിയന്തരമായി ഇടപെട്ടത്.
കണ്ണൂർ, കാസർകോട് ജില്ലകളിലായി ഇരുപതോളം ഹൗസ്ബോട്ടുകളാണു നിർമാണം പൂർത്തിയാക്കി നീറ്റിലിറക്കാൻ അനുമതി കാത്തുകിടക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ ബോട്ടുകളും റജിസ്റ്റർ ചെയ്യുന്നത് ആലപ്പുഴയിലെ പോർട്ട് ഓഫിസറാണ്.
ബോട്ട് സുരക്ഷിതമാണോയെന്നു പരിശോധിക്കാൻ രണ്ട് ചീഫ് സർവേയർമാർ മാത്രമാണു സംസ്ഥാനത്ത് ആകെ ഉണ്ടായിരുന്നത്. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെ ഒരു സർവേയറുടെയും എറണാകുളം മുതൽ കാസർകോട് വരെ രണ്ടാമത്തെ സർവേയറുടെയും ചുമതലയിലാണ്.
ഇതിൽ മലബാർ മേഖലയുടെ ചുമതലയുള്ള സർവേയർ താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അന്വേഷണം നേരിടുന്ന സാഹചര്യമായതും പ്രതിസന്ധി രൂക്ഷമാക്കി.
5 വർഷത്തേക്കാണു ബോട്ടുകൾക്കു മാരിടൈം ബോർഡ് റജിസ്ട്രേഷൻ നൽകാറ്. ഓരോ വർഷവും സുരക്ഷാ സർവേയുമുണ്ടാകും.
നേരത്തെ റജിസ്ട്രേഷൻ ലഭിച്ച യാനങ്ങളുടെ സുരക്ഷാ സർവേയും മുടങ്ങിയിരിക്കുകയാണ്. ഇവ പൂർത്തിയാക്കാൻ 25 സർവേയർമാരെ എം.പാനൽ ചെയ്യാനുള്ള നടപടി തുടങ്ങിയതായി മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള പറഞ്ഞു. രണ്ടു മാസത്തിനകം എല്ലാ യാനങ്ങളുടെയും സർവേ പൂർത്തിയാക്കുകയാണ് ലക്ഷ്യം.