അന്താരാഷ്ട്ര ലഹരിക്കടത്ത് കേസ്; യുവാക്കളെ ക്യാരിയറാക്കിയ ഏജൻ്റ് പിടിയിൽ

Share our post

കൊച്ചി: അന്താരാഷ്ട്ര ലഹരി കടത്തിന് യുവാക്കളെ ക്യാരിയറാക്കിയ ഏജന്റ് പിടിയില്‍. ചേര്‍ത്തല സ്വദേശി പി.ടി. ആന്റണിയാണ് ക്രൈബ്രാഞ്ചിന്‍റെ പിടിയിലായത്. ആന്റണി വിദേശത്തേക്ക് ലഹരി കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ്. നിരവധി യുവാക്കളെ ക്യാരിയറാക്കി ഇയാള്‍ വിദേശത്തേക്ക് ലഹരിക്കടത്ത് നടത്തിയതായി ക്രൈബ്രാഞ്ച് പറയുന്നു.

ആന്റണി നല്‍കിയ കവറുമായി കുവൈറ്റിലെത്തിയ ബന്ധുവായ ഞാറയ്ക്കല്‍ സ്വദേശി ജോമോന്‍ ജയിലിലായിരുന്നു. ജോമോന്റെ പിതാവ് ക്ലീറ്റസ് നടത്തിയ നിയമ പോരാട്ടമാണ് കേസില്‍ വഴിത്തിരിവായത്.

മകനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും ഇതിനു പിന്നിലുള്ളവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ക്ലീറ്റസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തത്.

2018-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിയ്‌ക്കെന്ന പേരിലാണ് ജോമോനെ കുവൈറ്റിലെത്തിക്കുന്നത്. ജോമോന്റെ കൈയില്‍ ആന്റണി നല്‍കിയ കവറില്‍ നിന്ന് രണ്ട് കിലോ ബ്രൗണ്‍ ഷുഗര്‍ പിടികൂടുകയായിരുന്നു. 20 വര്‍ഷത്തേക്കാണ് ജോമോനെ കുവൈറ്റ് കോടതി ശിക്ഷിച്ചത്.

ഇത്തരത്തില്‍ നിരവധി പേര്‍ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ വലയിലായിട്ടുണ്ടെന്നാണ് വിവരം. റിമാന്‍ഡ് ചെയ്ത ആന്റണിയെ വിശദമായി ചോദ്യംചെയ്യും. അതുവഴി കേസുമായി ബന്ധപ്പെട്ട മറ്റുകണ്ണികളെ കണ്ടെത്താനായേക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈബ്രാഞ്ച്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!