ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണത്തിന്: ‘പടയാളി ഈച്ചകളെ’ ഇറക്കുന്നു

Share our post

കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണത്തിന് കറുത്ത പടയാളി ഈച്ചയെ (ബ്ലാക് സോൾജിയേഴ്‌സ് ഫ്ളൈ) ഇറക്കാൻ ആലോചന നടക്കുന്നു. ബി.പി.സി.എല്ലിന്റെ പുതിയ പ്ലാന്റ് നിർമിക്കുന്നതുവരെ മാലിന്യ സംസ്കരണത്തിനുള്ള താത്കാലിക സംവിധാനമെന്ന നിലയിലാണ് ഈച്ചയെ പ്രയോഗിക്കാൻ ആലോചിക്കുന്നത്. പാലക്കാട് ആനക്കര പഞ്ചായത്തിന്റെ മാതൃക സ്വീകരിച്ചുകൊണ്ടാണ് സ്വകാര്യ കമ്പനിയെക്കൊണ്ട് പ്രയോഗം നടത്താനുള്ള നീക്കം നടക്കുന്നത്.

കറുത്ത പടയാളി ഈച്ച (ഹെർമേഷ്യ ഇല്യൂസെൻസ്) യുടെ മുട്ടകൾ നിക്ഷേപിച്ച്, വിരിയിച്ച്, ലാർവകളാക്കി മാറ്റും. മാലിന്യം തിന്ന് ലാർവകൾ പുറത്തുവിടുന്ന വിസർജ്യം 15 ദിവസത്തിനുള്ളിൽ കമ്പോസ്റ്റ് വളമായി മാറ്റാനാകും.

ലാർവകൾ പ്യൂപ്പയായി മാറിക്കഴിഞ്ഞാൽ അതിനെ കോഴിക്കും മത്സ്യത്തിനും പന്നിക്കുമെല്ലാം തീറ്റയായി ഉപയോഗിക്കാം. പ്യൂപ്പയിൽ നിന്ന് പുറത്തുവരുന്ന ഈച്ചകൾക്ക് പരമാവധി ഏഴു ദിവസമാണ് ആയുസ്സ്. ആണീച്ചകൾ ഇണ ചേരുന്നതോടെയും പെൺ ഈച്ചകൾ മുട്ടയിടുന്നതോടെയും ചാവും. ലാർവകൾ പുറത്തുവിടുന്ന അവശിഷ്ടം മികച്ച ജൈവവളമായി ഉപയോഗിക്കാനാവും.

മാലിന്യ സംസ്കരണത്തിനായി കൊച്ചി കോർപ്പറേഷൻ താത്‌പര്യപത്രം ക്ഷണിച്ചിരുന്നു. ഇതുപ്രകാരമാണ് കറുത്ത പടയാളി ഈച്ചകളുടെ ജൈവ സാങ്കേതികവിദ്യ എത്തിയത്. അൻപത് ടൺ ശേഷിയുള്ള പ്ലാന്റാണ് ആലോചിക്കുന്നത്. ഇതു സംബന്ധിച്ച പ്രാഥമിക ചർച്ചകൾ പൂർത്തിയായി കഴിഞ്ഞു. ബ്രഹ്മപുരത്ത് സ്ഥലം അനുവദിക്കുന്നതോടൊപ്പം, മാലിന്യത്തിന് കിലോയ്ക്ക് രണ്ടര രൂപ കോർപ്പറേഷൻ മാലിന്യത്തിന് ടിപ്പിങ് ഫീസ് നൽകണം.

കൗൺസിൽ അംഗീകാരം ലഭിച്ചാൽ പദ്ധതി നടപ്പാക്കും. ഇതിനായി പ്രത്യേക കൗൺസിൽ യോഗം വിളിക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം മന്ത്രിതല യോഗ തീരുമാനമെന്ന നിലയ്ക്ക് ഡീ-വാട്ടേഡ് കമ്പോസ്റ്റിങ് സിസ്റ്റം എന്ന പദ്ധതിയും മാലിന്യ സംസ്കരണത്തിനായി ആലോചിക്കുന്നുണ്ട്.

മാലിന്യത്തിന്റെ ഈർപ്പം കളഞ്ഞ് നുറുക്കി, കമ്പോസ്റ്റാക്കുന്ന പദ്ധതിക്കായി സ്വകാര്യ കമ്പനിയുടെ പദ്ധതി നിർദേശമാണ് വന്നിരിക്കുന്നത്. ഇതും കൗൺസിൽ ചർച്ചചെയ്തശേഷം പരിഗണിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!