ഡയറി അഴിമതിയിൽ ലക്ഷങ്ങൾ വെട്ടി ; കെ.പി.സി.സിയിൽ പുകച്ചിൽ

Share our post

തിരുവനന്തപുരം: ഡയറി അച്ചടിച്ചതിന്റെ പേരിൽ കെ. സുധാകരനൊപ്പം നിൽക്കുന്ന ചില ഭാരവാഹികളും ഓഫീസ്‌ ചുമതലക്കാരായ ചിലരും ചേർന്ന്‌ ലക്ഷങ്ങൾ വെട്ടിച്ചെന്ന ആക്ഷേപം കെ.പി.സി.സിയിൽ പുകയുന്നു.

ഡയറിയുടെ പേര്‌ പറഞ്ഞ്‌ 50 ലക്ഷത്തോളം രൂപ പിരിച്ചെന്നും ആറു ലക്ഷം രൂപ ചെലവഴിച്ച്‌ ഡയറി അടിച്ച്‌ ബാക്കി മുക്കിയെന്നുമാണ്‌ ആക്ഷേപം. പരസ്യ ഇനത്തിലും സാമ്പത്തിക ശേഷിയുള്ള കോൺഗ്രസ്‌ പോഷക സംഘടനകളുടെ നേതാക്കളിൽനിന്ന്‌ സംഭാവന ഇനത്തിലും ലക്ഷങ്ങൾ ശേഖരിച്ചിരുന്നു.

താൻ അഞ്ചു ലക്ഷം രൂപ ഡയറിക്കായി കൊടുത്തെന്ന്‌ ഐ.എൻ.ടി.യു.സി നേതാവ്‌ സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. വെട്ടിപ്പ്‌ നടത്തിയെന്ന്‌ ആക്ഷേപമുള്ള നേതാക്കളുടെ ചിത്രം സഹിതം കോൺഗ്രസ്‌ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ പോസ്റ്ററുകൾ പ്രചരിക്കുന്നുണ്ട്‌.

കെ.പി.സി.സിയുടെ ഒരു ജനറൽ സെക്രട്ടറി, മുമ്പ്‌ യുവജനക്ഷേമ ബോർഡിലുണ്ടായിരുന്നയാളടക്കം രണ്ട്‌ കെപിസിസി അംഗങ്ങൾ, പ്രചാരണ ചുമതലയുള്ളയാൾ എന്നിവർക്കെതിരെയാണ്‌ ആക്ഷേപം.

കെ. സുധാകരൻ കെ.പി.സി.സി അധ്യക്ഷനായശേഷമാണ്‌ ‘കെ.പി.സി.സി ഡയറി’ അച്ചടിക്കാൻ തുടങ്ങിയത്‌. 2022ൽ 200 രൂപ വിലവച്ചിരുന്നു. അന്ന്‌ ഏറെ ശ്രദ്ധിക്കപ്പെട്ടതിനാൽ നിരവധി നേതാക്കളും പ്രവർത്തകരും ഡയറി കൈപ്പറ്റി. പുതുവർഷത്തിനുമുമ്പേതന്നെ ഡയറി ഇറക്കി.

ഇക്കുറി മെയ്‌ മാസത്തിലാണ്‌ ഇറക്കിയത്‌. 10,000 ഡയറി മാത്രമാണ്‌ അച്ചടിച്ചത്‌. അതിൽ ജില്ലകൾക്ക്‌ ശരാശരി 400 ഡയറിവച്ചും കെ. സുധാകരൻ–- 1000, രമേശ്‌ ചെന്നിത്തല–- 700, വി ഡി സതീശൻ–- 500, ഉമ്മൻചാണ്ടി–- 300 എന്നിങ്ങനെ വീതംവച്ചു. ബാക്കി കെപിസിസിയിലെ ജീവനക്കാരും മറ്റ്‌ ബന്ധപ്പെട്ടവരും എടുത്തു.

അമ്പതു ലക്ഷത്തോളം രൂപ പിരിച്ചെടുത്തത്‌ ഇതിനാണോ എന്നാണ്‌ നേതാക്കൾ ചോദിക്കുന്നത്‌. അതേസമയം, കെ.പി.സി.സി ഓഫീസ്‌ ഒരു കോക്കസിന്റെ കൈയിലാണെന്ന്‌ ആക്ഷേപമുള്ള നേതാക്കൾ പ്രധാന ആയുധമായി ഡയറി അഴിമതി ഉയർത്തിക്കൊണ്ടുവരാനും തയ്യാറെടുക്കുകയാണ്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!