റബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം; കൊന്ന് കുഴിച്ചുമൂടിയതെന്ന് സംശയം

Share our post

തൃശൂർ: ചേലക്കരക്കടുത്ത് മുള്ളൂര്‍ക്കരയില്‍ വാഴക്കോട് കാട്ടാനയെ കൊന്നു കുഴിച്ചുമൂടിയനിലയിൽ കണ്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ആനയുടെ അസ്ഥികൂടം ഉൾപ്പെടെയുള്ള ജഡത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.

ജഡത്തിന് രണ്ടുമാസത്തെ പഴക്കമുണ്ടെന്നാണ് വനംവകുപ്പ് അധികൃതര്‍ നല്‍കുന്ന വിവരം. മണിയഞ്ചിറ റോയ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള റബര്‍ തോട്ടത്തിലാണ് ആനയെ കുഴിച്ചുമൂടിയത്.

കാട്ടാനശല്യം രൂക്ഷമായ വാഴാനി മേഖലയോടു ചേര്‍ന്നാണ് ആനയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ജെ.സി.ബി ഉപയോഗിച്ച് മണ്ണുനീക്കിയാണ് ആനയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ആനയുടെ ജഡം പെട്ടെന്ന് ദ്രവിക്കാനായി എന്തെങ്കിലും വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

കാട്ടാനശല്യത്തിനെതിരേ സ്ഥാപിച്ച വൈദ്യുതി കന്പിയിൽ നിന്ന് ഷോക്കേറ്റ് ചരിഞ്ഞ ആനയുടെ ജഡം ആരുമറിയാതെ കുഴിച്ചുമൂടിയതാകാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.

റോയിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്. കേസില്‍ നിരവധി പ്രതികള്‍ ഉണ്ടെന്നാണ് സൂചന.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!