ഏക സിവിൽ കോഡ്‌: ജനകീയ സെമിനാർ നാളെ; 15,000 പേരെത്തും

Share our post

കോഴിക്കോട്‌ : ഏക സിവിൽ കോഡിലൂടെ ജനതയെ ഭിന്നിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ശനിയാഴ്‌ച സിപിഐ എം കോഴിക്കോട്ട്‌ സംഘടിപ്പിക്കുന്ന ജനകീയ സെമിനാറിൽ 15,000 പേർ പങ്കെടുക്കും. മനുഷ്യരെ തമ്മിലടിപ്പിക്കാനുള്ള ഫാസിസ്റ്റ്‌ അജൻഡക്കെതിരായ പടയണിക്കാണ്‌ കോഴിക്കോട്ട്‌ തുടക്കമാവുന്നത്‌. ഏക സിവിൽ കോഡെന്ന തെരഞ്ഞെടുപ്പ്‌ ലാക്കാക്കിയുള്ള ഒളി അജൻഡയുടെ ഇരകളാവുന്ന ന്യൂനപക്ഷ–-ആദിവാസി –ഇതര മതജനവിഭാഗങ്ങൾ രാഷ്‌ട്രീയ ഭേദമെന്യേ സെമിനാറിനെത്തും.

സ്വപ്നനഗരിയിലെ ട്രേഡ്‌ സെന്ററിൽ വൈകിട്ട്‌ നാലിന്‌ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. വിവിധ കക്ഷി നേതാക്കളായ എം.വി. ഗോവിന്ദൻ, പന്ന്യൻ രവീന്ദ്രൻ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ്‌ പി.കെ. ശ്രീമതി, ജോസ്‌ കെ. മാണി എം.പി, എം.വി. ശ്രേയാംസ്‌കുമാർ, പ്രൊഫ. എ.പി. അബ്ദുൾ വഹാബ്, എളമരം കരീം എം.പി, മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, സംസ്ഥാന വനിതാ കമീഷൻ ചെയർപേഴ്‌സൺ അഡ്വ. പി. സതീദേവി, മേയർ ബീന ഫിലിപ്പ്‌ തുടങ്ങിയവർ പങ്കെടുക്കും. എസ്.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടിയും പങ്കെടുക്കുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌. ഉദ്ഘാടകനായ സി.പി.എം ജനറല്‍ സെക്രട്ടറി വെള്ളി രാത്രി 9.15ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തും. എയര്‍പോര്‍ട്ടില്‍ സംഘാടകസമിതി പ്രവര്‍ത്തകര്‍ യെച്ചൂരിയെ സ്വീകരിക്കും.

സുന്നി, മുജാഹിദ്‌ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും ക്രൈസ്‌തവ സഭാ മേധാവികളും സെമിനാറിൽ പങ്കാളികളാകും. പുരോഹിതരും ആദിവാസി, ഗോത്രവിഭാഗ നേതാക്കളും സമുദായ, സാമൂഹ്യ, -സാംസ്‌കാരിക, രാഷ്ട്രീയ സംഘടനാ നേതൃത്വവും രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങൾ തകർക്കുന്നതിനെതിരായ ഐക്യനിരയുടെ ഭാഗമാകും.

 

സിപിഐയിൽ 
ആശയക്കുഴപ്പമില്ല: പന്ന്യൻ

ഏക സിവിൽ കോഡ്‌ വിഷയത്തിൽ സിപിഐ എം സംഘടിപ്പിക്കുന്ന ദേശീയസെമിനാറിൽ പങ്കെടുക്കുന്നതിൽ സിപിഐയിൽ ആശയക്കുഴപ്പമില്ലെന്ന്‌ മുതിർന്ന നേതാവ്‌ പന്ന്യൻ രവീന്ദ്രൻ. എല്ലാവരും ഒരുമിച്ചുനിൽക്കേണ്ട സമയമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. മുസ്ലിംലീഗിനെ സെമിനാറിലേക്ക്‌ ക്ഷണിച്ചതിൽ അതൃപ്‌തിയുടെ വിഷയമില്ല. മാധ്യമ വാർത്തകളെക്കുറിച്ച്‌ ചോദിച്ചപ്പോൾ ‘നിങ്ങൾ കൊടുക്കുന്നതല്ലേ വാർത്ത, നമ്മൾ കൊടുക്കുന്നതല്ലല്ലോ. അത്‌ ഊഹിച്ചുകൊടുക്കലല്ലേ. ആ വാർത്തയിൽ വലിയ കാര്യമില്ല’’–-എന്നായിരുന്നു പ്രതികരണം. സിപിഐയെ പ്രതിനിധാനംചെയ്‌ത്‌ ഇ കെ വിജയൻ എംഎൽഎ പങ്കെടുക്കും. ആ ദിവസം വേറെ പരിപാടിയുള്ളതിനാലാണ്‌ തനിക്ക് പങ്കെടുക്കാൻ കഴിയാത്തതെന്നും പന്ന്യൻ പറഞ്ഞു.

 

സഹകരിക്കും: ജമാഅത്ത് കൗൺസിൽ

ഏക സിവിൽ കോഡിനെതിരെ 15ന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന സെമിനാറുമായി സഹകരിക്കാൻ മഹല്ല് ജമാഅത്ത് കൗൺസിൽ ജില്ലാ എക്സിക്യുട്ടീവ്‌ യോഗം തീരുമാനിച്ചു.ഈ വിഷയത്തിൽ വിയോജിപ്പുകൾ മാറ്റി മതേതരചേരികൾ ഒന്നിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ്‌ എം വി റംസി ഇസ്മായിൽ അധ്യക്ഷനായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!