റാഗിംഗ്: കണ്ണൂരിൽ ഒൻപത് വിദ്യാർഥികൾക്കെതിരേ കേസ്

കണ്ണൂർ: ജില്ലയിൽ രണ്ട് വ്യത്യസ്ത റാഗിംഗ് പരാതികളിലായി ഒൻപത് വിദ്യാർഥികൾക്കെതിരേ പോലീസ് കേസെടുത്തു.
ചൊവ്വാ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെ റാഗിംഗിന്റെ പേരിൽ മർദ്ദിച്ച മൂന്ന് സീനിയർ വിദ്യാർഥികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു.
കക്കാട് പാലക്കാട് സ്വാമിമഠം സ്വദേശിയായ 16 വയസുകാരനാണ് റാഗിംഗിന് ഇരയായത്. ടി ഷർട്ട് ധരിച്ച് സ്കൂളിൽ എത്തിയതിന്റെ പേരിൽ മുതിർന്ന വിദ്യാർഥികൾ മർദ്ദിക്കുകയായിരുന്നു. പിന്നാലെ വിദ്യാർഥിയുടെ പരാതിയിൽ പോലീസ് എഫ്ഐ.ആർ രജിസ്റ്റർ ചെയ്തു.
മറ്റൊരു സംഭവത്തിൽ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർഥിനിയെ റാഗ് ചെയ്ത സംഭവത്തിൽ ആറു സീനിയർ വിദ്യാർഥികൾക്കെതിരേ ചക്കരക്കൽ പോലീസ് കേസെടുത്തു.
സ്കൂളുകളിലും കോളജുകളിലും റാഗിംഗ് തടയാൻ റാഗിംഗ് വിരുദ്ധ കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. എന്നാൽ പലയിടത്തും ഇത്തരം കമ്മിറ്റികൾ പ്രവർത്തിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.