മൂന്ന് വര്‍ഷം കൊണ്ട് അഴീക്കോട് പട്ടയരഹിതരില്ലാത്ത മണ്ഡലമാകും

Share our post

അഴീക്കോട് :മൂന്ന് വര്‍ഷം കൊണ്ട് അഴിക്കോട് മണ്ഡലത്തിലെ മുഴുവന്‍ ആളുകള്‍ക്കും പട്ടയം ലഭ്യമാക്കും. പട്ടയ വിഷയങ്ങള്‍ പരിഹരിക്കാന്‍ ചേര്‍ന്ന അഴീക്കോട് മണ്ഡലതല പട്ടയ അസംബ്ലിയിലാണ് തീരുമാനം.
മണ്ഡലത്തിലെ 24 കോളനികളില്‍ ഉള്‍പ്പെടെ പട്ടയം ലഭിക്കാത്തവരുണ്ട്. ചിലര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഇതേക്കുറിച്ച് അറിയാത്ത നിരവധിപ്പേര്‍ ഇപ്പോഴും ബാക്കിയാണ്.

ഇത്തരക്കാരെ കണ്ടെത്തി പട്ടയം ലഭ്യമാക്കാന്‍ ജനപ്രതിധികളും ഉദ്യോഗസ്ഥരും ഒരുമിച്ച് രംഗത്തിറങ്ങും. മൂന്ന് മാസം കൊണ്ട് ഈ പ്രവര്‍ത്തനം പൂര്‍ത്തിയാക്കും. തുടര്‍ന്ന് ചേരുന്ന പട്ടയ അസംബ്ലിയില്‍ ഇക്കാര്യം പരിശോധിച്ച് ലാന്റ് അസൈന്‍മെന്റ് കമ്മിറ്റിയുടെ അനുവാദത്തോടെ പട്ടയം അനുവദിക്കും.

പരിഹരിക്കാന്‍ കഴിയാത്തവ പട്ടയ ഡാഷ്‌ബോര്‍ഡില്‍ ഉള്‍പ്പെടുത്തും. ഇത്തരം വിഷയങ്ങള്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ ജില്ലാ ദൗത്യ സംഘം പരിശോധിച്ച് ആവശ്യമെങ്കില്‍ സംസ്ഥാനതല സമിതിയുടെ പരിഗണനയ്ക്ക് അയക്കും. പട്ടയമില്ലാതെ കടല്‍ പുറമ്പോക്കില്‍ താമസിക്കുന്ന 100 ഓളം പേരുടെ പ്രശ്‌നം പരിഹരിക്കാന്‍ എം. എല്‍. എ സര്‍ക്കാരിലേക്ക് നേരത്തെ അപേക്ഷ സമര്‍പ്പിച്ചിരുന്നു. വാര്‍ഡ് മെമ്പര്‍മാര്‍ മുതല്‍ എം. എല്‍. എ വരെയുളള ജനപ്രതിനിധികളുടെ സഹകരണത്തോടെ അര്‍ഹരായ ഭൂരഹിതരെ കണ്ടെത്തി പട്ടയ മിഷനെന്ന ദൗത്യം വിജയിപ്പിക്കുകയാണ് ലക്ഷ്യം.

ചടങ്ങില്‍ കെ. വി സുമേഷ് എം. എല്‍. എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ.ടി സരള, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സി. ജിഷ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ പി. ശ്രുതി, കെ. അജീഷ്, എ. വി സുശീല, കെ രമേശന്‍, ജില്ലാ പഞ്ചായത്ത് അംഗം താഹിറ, കണ്ണൂര്‍ താലൂക്ക് തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസ്, എല്‍ ആര്‍ തഹസില്‍ദാര്‍ ആഷിക് തോട്ടോന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ പഞ്ചായത്തുകളിലെ പ്രശ്‌നങ്ങള്‍ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!