കുറ്റവാളികളായ പൊലീസുകാർക്കെതിരെ കർശന നടപടി: ഡി.ജി.പി

Share our post

തിരുവനന്തപുരം : പൊലീസ്‌ ഉദ്യോഗസ്ഥർ കുറ്റകൃത്യങ്ങളുടെ ഭാഗമാകുന്നത്‌ അനുവദിക്കാനാകില്ലെന്നും ദാക്ഷിണ്യമില്ലാത്ത നടപടിയുണ്ടാകുമെന്നും സംസ്ഥാന പൊലീസ്‌ മേധാവി ഷെയ്‌ഖ്‌ ദർവേഷ്‌ സാഹിബ്‌. കേരള പൊലീസ്‌ അസോസിയേഷന്റെയും പൊലീസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ ആരംഭിച്ച പൊലീസുകാർക്കുള്ള കുറ്റാന്വേഷണ പരിശീലന പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അച്ചടക്കമാണ്‌ പൊലീസ്‌ സേനയുടെ മുഖമുദ്ര. അച്ചടക്കമില്ലാതായാൽ സേന ആൾക്കൂട്ടമായി മാറും. അത്‌ അനുവദിക്കാനാവില്ല. ലഹരിക്കെതിരായ പോരാട്ടത്തിലും ഗുണ്ടകൾക്കെതിരായ നടപടികളിലും വേഗക്കുറവുണ്ടാകരുത്‌.

കുറ്റകൃത്യങ്ങൾ തടയുകയെന്നതാണ്‌ പൊലീസിന്റെ ഏറ്റവും പ്രധാന ജോലി. കേസന്വേഷണം ഒരു ചലഞ്ചായി ഏറ്റെടുക്കണം. അറിവും കഴിവും വികസിപ്പിക്കാൻ ഉദ്യോഗസ്ഥർക്കാകണം. കുറ്റാന്വേഷണത്തിൽ മികവ്‌ തെളിയിക്കുന്നവരാണ്‌ സേനയിൽ ആദരിക്കപ്പെടുന്നത്‌. പൊലീസ്‌ ജോലിയിലെ ഏറ്റവും പ്രധാന കേന്ദ്രമാണ്‌ സ്റ്റേഷനുകൾ. അവിടം ശരിയായാൽ ബാക്കിയെല്ലാം താനേ ശരിയാകും. എസ്‌.എച്ച്‌.ഒ.മാർ താൽപര്യമെടുത്താൽ മുക്കാൽ ഭാഗം പ്രശ്‌നങ്ങൾ തടയാനാകുമെന്നും പൊലീസ്‌ മേധാവി പറഞ്ഞു.

പൊലീസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ റൂറൽ ജില്ലാ പ്രസിഡന്റ്‌ ഡി. ഷിബു കുമാർ അധ്യക്ഷനായി. ദക്ഷിണമേഖല ജി. സ്പർജൻകുമാർ, ദക്ഷിണമേഖല ഡി.ഐ.ജി ആർ. നിശാന്തിനി, ജില്ലാ പൊലീസ്‌ മേധാവി ഡി. ശിൽപ, കെ.പി.ഒ.എ സംസ്ഥാന പ്രസിഡന്റ്‌ ആർ. പ്രശാന്ത്‌, പൊലീസ്‌ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ. പ്രവീൺ എന്നിവർ സംസാരിച്ചു. മുൻ പൊലീസ്‌ മേധാവി എ. ഹേമചന്ദ്രൻ, ഡി.സി.ആർ.ബി ഡി.വൈ.എസ്‌.പി ബി. അനിൽകുമാർ ക്ലാസെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!