മൂന്നുമാസത്തിൽ കോർപറേഷന് കിട്ടിയത് അഞ്ച് ലക്ഷം: കുറയാതെ പ്ളാസ്റ്റിക് പ്രേമം

Share our post

കണ്ണൂർ:പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് നൽകാതെ വലിച്ചെറിയുന്ന രീതി നഗരത്തിൽ വ്യാപകമാകുന്നു. കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തുന്ന നൈറ്റ് റൈഡിലാണ് ഒളിഞ്ഞും പതിഞ്ഞും പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നതും കെട്ടുകളാക്കി ആരും കാണാതെ നഗരത്തിൽ പലയിടങ്ങളിലായി നിക്ഷേപിക്കുന്നതും ശ്രദ്ധയിൽപ്പെട്ടത്. ഓവുചാലുകളിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഉൾപ്പെടെ തള്ളുന്നതും പിടികൂടിയിട്ടുണ്ട്.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ക്യാരിബാഗുകളും പല കടകളിലും വ്യാപകമായി ഉപയോഗിക്കുന്നതായി അധികൃതർ പറഞ്ഞു.ഇത്തരത്തിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ അഞ്ച് ലക്ഷം രൂപ പിഴയാണ് കോർപ്പറേഷൻ ആരോഗ്യ വിഭാഗം വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഈടാക്കിയത്.

ദിവസവും അഞ്ച് മുതൽ പത്ത് വരെ ഗുരുതര വീഴ്ച്ചകൾ കണ്ടെത്തുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.പ്ലാസ്റ്റിക് കാര്യബാഗുകളും പുനരുപയോഗിക്കാൻ കഴിയാത്ത വസ്തുക്കളുടെയും വിൽപ്പന പൂർണമായും നിരോധിച്ച് ഉത്തരവുണ്ടായെങ്കിലും ഇപ്പോഴും വൻതോതിൽ പ്ലാസ്റ്റിക് ഉൽപ്പനങ്ങൾ വിപണിയിൽ സുലഭമാണ്.

രാത്രിയാവട്ടെ,​ കത്തിക്കാം

നഗരത്തിലെ വിവിധ പാർക്കുകളിൽ ഉൾപ്പെടെ രാത്രികാലങ്ങളിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ തള്ളുന്നതും സ്ക്വാഡ് കണ്ടെത്തിയിട്ടുണ്ട്. ആഴ്ച്ചകൾക്ക് മുൻപ് കോർപ്പറേഷൻ പരിധിയിലെ ഒരു കല്ല്യാണ വീട്ടിലെ മാലിന്യങ്ങൾഗുഡ്സ് ഓട്ടോയിൽ കൊണ്ട് വന്ന് ആരും കാണാതെ വഴിയിൽ കൊണ്ടു തള്ളുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.ഈ കേസിൽ അധികൃതർ പിഴയും ഈടാക്കിയിരുന്നു .ഇന്ധിരാഗാന്ധി റോഡ്,പയ്യാമ്പലം,പഴയ ബസ് സ്റ്റാന്റ് ജംഗ്ഷൺ എന്നിവിടങ്ങളിൽ നിന്നെല്ലാം നിരോധിത പ്ലാസ്റ്റിക്ക് പിടിച്ചെടുത്തിട്ടുണ്ട്.

നിരോധിത പ്ളാസ്റ്റിക്കിൽ ഉയർന്ന പിഴ : 10000

50 രൂപയോ,​ ഹരിത കർമ്മസേനയ്ക്കോ!

പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ 50 രൂപ നൽകി ഹരിതകർമ്മ സേനയെ ഏൽപ്പിക്കാൻ മടിയാണ് പലർക്കും. പേപ്പറുകൾ പോലും നിയമപ്രകാരം കത്തിക്കാൻ പാടില്ലെന്നിരിക്കെ പ്ളാസ്റ്റിക് കത്തിക്കുകയാണ് പലരും. പ്രതിദിനം ടൺക്കണക്കിന് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഹരിതസേന പ്രവർത്തകർ ശേഖരിക്കുന്നുണ്ട്.

എന്നാൽ ഒരു വിഭാഗം ആളുകൾ ഹരിത കർമ്മസേനയുടെ പ്രവർത്തനത്തോട് സഹകരിക്കുന്നില്ല. മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട് കൗൺസിലർമാരോട് വീടുകളിൽ കയറി ബോധവൽക്കരണം നടത്തണമെന്നും ഹരിത കർമ്മ സേനയുമായി സഹകരിക്കാത്തവർക്കെതിരെ നടപടിയെക്കുറിച്ച് ആലോചിക്കുമെന്നും മേയർ കൗൺസിൽ യോഗത്തിൽ പറഞ്ഞിരുന്നു.

കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തുന്ന നൈറ്റ് റൈഡിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാതെ വലിച്ചെറിയുകയും കത്തിക്കുകയും ചെയ്യുന്നത് വ്യാപകമായി കണ്ടെത്തിയിട്ടുണ്ട്.നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളും പിടിച്ചെടുത്തു.മൂന്ന് മാസത്തിനിടെ അഞ്ച് ലക്ഷം പിഴ ഈടാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!